ഗാസയിൽ ഇസ്രയേൽ പൗരൻമാരായ 3 ബന്ദികളെ അബദ്ധത്തിൽ വെടിവച്ചു കൊന്നതായി ഇസ്രയേൽ സേന; അതീവ ദുഃഖകരമെന്ന് നെതന്യാഹു

ജെറുസലം: ഒക്‌ടോബർ അവസാനം ഗാസയിൽ 3 ബന്ദികളെ അബദ്ധത്തിൽ വെടിവച്ചു കൊന്നതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ജെറുസലമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്നു കരുതിയാണ് ഇവരെ വെടിവച്ചതെന്നും, കൊല്ലപ്പെട്ടവർ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീടാണ് മനസിലാക്കാനായതെന്നും സൈന്യം വ്യക്തമാക്കി. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമർ ഫവാദ് തലൽക (22), അലോം ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. മൂവരും ഇസ്രയേൽ പൗരൻമാരാണ്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണിവർ. പിന്നീട് ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ മൂവരും കൊല്ലപ്പെട്ടത്.
അതേസമയം, യുഎസിന്റെ ഇടപെടലോടെ കഴിഞ്ഞ ദിവസം മുതൽ ഗാസയിൽ സഹായങ്ങളെത്തിക്കാനായി ഇസ്രയേൽ അതിർത്തി തുറന്നിട്ടുണ്ട്. റഫയിലെ ക്യാംപുകളിൽ തിങ്ങിനിറഞ്ഞ അഭയാർഥികൾക്കു പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പൊതുസ്ഥലത്തു നീക്കം ചെയ്യാത്ത മാലിന്യം കുന്നുകൂടുന്നതു ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫിസ് അറിയിച്ചു. ഗാസ, യുക്രെയ്ൻ, യെമൻ എന്നിവിടങ്ങളിൽ സംഘർഷങ്ങളിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു.

