ജ്ഞാന്‍വാപി മസ്ജിദ്: സര്‍വേ കണ്ടെത്തലുകള്‍ എന്തുകൊണ്ട് ഞാന്‍ അവിശ്വസിക്കുന്നു- കാശി മുന്‍ പൂജാരി

വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതും വീഡിയോ സര്‍വേ നടത്തിയതും അംഗസ്നാനം വരുത്തുന്നയിടത്ത് ശിവലിംഗ രൂപം ‘കണ്ടെത്തി’യെന്നതുമൊക്കെ അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ ‘കണ്ടെത്തലുകളില്‍’ അവിശ്വാസം അര്‍പ്പിച്ചും സംഘപരിവാരത്തിന്റെ ഗൂഢോദ്ദേശ്യങ്ങളിലേക്ക് വെളിച്ചം വീശിയും തുറന്നുപറച്ചില്‍ നടത്തുകയാണ് കാശി വിശ്വനാഥ് ക്ഷേത്രം മുന്‍ മഹന്ത് (പൂജാരി) ആയ രാജേന്ദ്ര തിവാരി. ബാബരി മസ്ജിദ് ആവര്‍ത്തനമാണ് വാരാണസിയില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദി വയര്‍ പ്രതിനിധി ചന്ദര്‍ സുത ദോഗ്രയോടാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
ലക്ഷ്യം വിശുദ്ധ സ്ഥലങ്ങളെ രാഷ്ട്രീയവത്കരിക്കുക
ഒരടി നീളമുള്ള കല്ത്തൂണ് കണ്ടെത്തിയെന്നാണ് വീഡിയോ സര്വേക്കാര് പറയുന്നത്. എന്നാല്‍ ഇത് ശിവലിംഗമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് തിവാരി പറയുന്നു. കാരണം, അതിന്റെ അടിയില്‍ തര്പ്പണജല പാത്തിയില്ല. ഇനി തര്പ്പണജല പാത്തിയുണ്ടോയെന്ന് അറിയാന്‍ തൂണ് നില്ക്കുന്ന വട്ടത്തിലുള്ള താഴ്ന്ന ഭാഗം നീക്കംചെയ്യേണ്ടി വരും. അത് ചെയ്യാതെ എങ്ങനെ ശിവലിംഗമാണെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇനി സ്വയംഭൂവാണെങ്കില് ദ്വാരമോ അഴിയോ ഉണ്ടാകില്ല. ഇതെല്ലാം അറിയാന്‍ ശരിയായ അന്വേഷണം വേണം. എന്നാല്‍, സംഘപരിവാര്‍ വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്പര്‍ശിക്കുന്നത്. സ്വന്തം രാഷ്ട്രീയത്തെ സഹായിക്കാനാണിത്. അന്തരീക്ഷത്തിലേക്ക് ഇത്തരം കാര്യങ്ങള്‍ വിടുന്നത് വിശുദ്ധസ്ഥലങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതാണ്. ഇങ്ങനെ ശിവലിംഗമുണ്ടാക്കുന്നത് വഞ്ചനയാണെന്നും മുന്‍ മഹന്ത് തിവാരി പറഞ്ഞു.
പഴയ ആദി വിശേശ്വര്‍ ക്ഷേത്രത്തിലെയും 1780ല്‍ അഹല്യബായ് ഹോള്‍കര്‍ നിര്‍മിച്ച കാശി വിശ്വനാഥ് ക്ഷേത്രത്തിലെയും ശിവലിംഗം തന്റെ പൂര്‍വപിതാക്കള്‍ എങ്ങനെയാണ് സംരക്ഷിച്ചതെന്ന കഥ കൂടി തിവാരി പങ്കുവെച്ചു. പഴയ വിശേശ്വര്‍ ക്ഷേത്രത്തിന്റെ പരിപാലകരായിരുന്നു തന്റെ പൂര്‍വപിതാക്കള്‍. 1669ല്‍ ഔറംഗസേബിന്റെ പടയോട്ട സമയത്ത് ശിവലിംഗം തന്റെ കുടുംബം സംരക്ഷിച്ചു. ഇപ്പോഴുള്ള ക്ഷേത്രം പൂര്വപിതാക്കളുടെ വീടായിരുന്നു. ആ വീട്ടിലാണ് ശിവലിംഗം 40 വര്‍ഷത്തോളം ആരുമറിയാതെ സംരക്ഷിച്ചത്. 1707ന് ശേഷം വീട്ടിലെ ശിവലിംഗത്തെ കുറിച്ച് നാട്ടുകാരോട് പറയുകയും അവര്‍ വീട്ടിലെത്തി ആരാധിക്കാനും തുടങ്ങി. അഹല്യബായ് ഇതുസംബന്ധിച്ച് അറിഞ്ഞപ്പോള്‍, വീട് പുതിയ ശിവക്ഷേത്രമായി മാറ്റാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. പൂര്‍വപിതാക്കള്‍ അത് സമ്മതിക്കുകയും ഏതാനും മീറ്ററുകള്‍ക്ക് അകലെ പുതിയ വീട് നിര്‍മിക്കുകയും ചെയ്തു. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിക്ക് വേണ്ടി മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആ വീട് തകര്‍ത്തു. അതുവരെ താന്‍ അവിടെയായിരുന്നു താമസിച്ചത്. തന്റെ പൂര്‍വപിതാക്കള്‍ സംരക്ഷിച്ച ശിവലിംഗമാണ് അഹല്യബായ് ഹോള്‍കാര്‍ കാശി ക്ഷേത്രം നിര്‍മിച്ചപ്പോള്‍ പ്രതിഷ്ഠിച്ചത്.
ഔറംഗസേബിന് മുമ്ബ് വിശ്വനാഥ് ക്ഷേത്രം അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പുനര്‍നിര്‍മിച്ചിരുന്നു. 1585ല്‍ അക്ബറിന്റെ മന്ത്രി രാജ ടോഡര്‍ മാല് ആണ് ക്ഷേത്രം പുനര്‍നിര്‍മിച്ചത്. എന്നാല്‍, അക്ബറിന്റെ മന്ത്രിയാണ് ഇത് ചെയ്തതെന്നത് മനഃപൂര്‍വം മറച്ചുവെക്കുന്നുവെന്നും തിവാരി പറഞ്ഞു. അഞ്ച് സ്ത്രീകള്‍ കൊടുത്ത ഹരജിയിലും രാജ ടോഡറിന്റെ പേര് മാത്രമേയുള്ളൂ. അക്ബറാണ് വിശ്വനാഥ് ക്ഷേത്രം വലുതാക്കി നിര്‍മിച്ചത്.
കഴിഞ്ഞ കാല ഏകാധിപതികളെ പോലെ ജനാധിപത്യ ഭരണാധികാരികള്‍
ഷാജഹാന് ചക്രവര്‍ത്തിയുടെ മൂത്ത മകന് ദാര ഷികോഹ് നല്കിയ പ്രമാണവും (പട്ട) തിവാരി കുടുംബത്തിന്റെ കൈവശമുണ്ട്. ക്ഷേത്രാചാരങ്ങള്‍ നടത്താനാണ് തിവാരിയുടെ പൂര്‍വികര്‍ക്ക് ക്ഷേത്രം കൈമാറിയതെന്ന് ഈ പ്രമാണത്തില്‍ പറയുന്നു. ദാര ഷികോഹ് വാരാണസിയിലെത്തുകയും പുരാതന ഹിന്ദു മതത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ചെയ്തു. അദ്ദേഹത്തെ പഠിപ്പിച്ച കുടുംബത്തിന്റെ പിന്‍ഗാമികള്‍ ഇന്നും വാരാണസിയിലുണ്ട്.
നമ്മുടെത് പോലുള്ള ജനാധിപത്യ രാജ്യത്ത് ഭരണഘടന അനുസരിച്ചും ചരിത്രം സംരക്ഷിച്ചുമാണ് നിര്‍മാണാത്മക നേതൃത്വം പെരുമാറേണ്ടത്. എന്നാല്‍ കഴിഞ്ഞ കാലത്തെ ഏകാധിപത്യ ചക്രവര്‍ത്തിമാരെ പോലെയാണ് ഭരണാധികാരികള്‍ പെരുമാറുന്നത്. കാശി ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍തോതില്‍ പൊളിക്കലുകളാണ് നടന്നത്. ഹിന്ദു ധര്‍മത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇന്നത്തെ ഭരണാധികാരികള്‍ നിരവധി പുരാതന അമ്ബലങ്ങളും ശിവലിംഗങ്ങളും കാശി ക്ഷേത്രാങ്കണത്തിലെ നിരവധി ശിവലിംഗങ്ങളും തകര്‍ത്തു. ഷോപ്പിംഗ് മാളും ഷോപ്പുകളും ഹോട്ടലുകളും കണ്വെന്ഷന് ഹാളുകളും നിറഞ്ഞ കാശി ഇടനാഴി കോംപ്ലക്സ് കണ്ട് താന്‍ ദുഃഖിക്കുകയാണെന്നും തിവാരി പറയുന്നു. നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ഞങ്ങളുടെത് പോലുള്ള കുടുംബങ്ങളെ പോലും ബലം പ്രയോഗിച്ച് ഒഴിപ്പിച്ചുവെന്നും തിവാരി പരാതിപ്പെടുന്നു.
പള്ളിയില്‍ ശിവലിംഗമുണ്ടെന്നതിന് പറയുന്ന നന്ദി വിഗ്രഹത്തിന്റെ കഥയും പൊളിക്കുന്നുണ്ട് മുന്‍ മഹന്ത് തിവാരി. മസ്ജിദിന് അഭിമുഖമായുള്ള പുരാതന കിണറിന് (ജ്ഞാന്‍ കുപ്) അടുത്ത് ശിവന്റെ കാളയായ നന്ദിയുടെ വലിയ കല്രൂപമുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവലിംഗത്തിന് അഭിമുഖമായാണ് നന്ദിയുണ്ടാകുക. ജ്ഞാന്‍വാപിയില്‍ ശിവലിംഗം ‘കണ്ടെത്തി’യെന്ന വാദത്തെ അരക്കിട്ടുറപ്പിക്കാന്‍ ഈ കഥയാണ് സംഘപരിവാര്‍ പറയാറുള്ളത്. എന്നാല്‍, വാരാണസിയിലെ ഈ നന്ദി രൂപത്തിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. നേപ്പാളിലെ ഒരു രാജാവാണ് നന്ദി പ്രതിമ ക്ഷേത്രത്തിന് നല്‍കിയത്. രാജാവ് അവിചാരിതമായി ഒരു കാളയെ കൊല്ലുകയും പ്രായശ്ചിത്തമായി ക്ഷേത്രത്തിന് പ്രതിമ നല്‍കുകയുമായിരുന്നു. നഗരത്തിലെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഇടയില്‍ പ്രശ്നമുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ നന്ദിയുടെ മുഖം മസ്ജിദിന് നേരെ തിരിച്ചുവെച്ചതോടെ തിരക്കഥ പൂര്‍ത്തിയാകുകയും ചെയ്തു. നേപ്പാളിലെ ഹിന്ദു രാജാക്കന്മാരുടെ ഉടമസ്ഥതയില്‍ ചില ക്ഷേത്രങ്ങള്‍ വിശ്വനാഥ് കോംപ്ലക്സിന് സമീപമുണ്ട്. രാജ രാജേശ്വരി ക്ഷേത്രം ഉദാഹരണമാണ്. ഇടനാഴി പദ്ധിതിയില്‍ ഇവയൊന്നും അധികൃതര്‍ തൊട്ടിട്ടില്ല. ചിലതൊക്കെ കോടതികളില്‍ കേസ് നടക്കുകയുമാണ്.

