ചെന്നിത്തലയാണോ ഇപ്പോഴും ഐ ഗ്രൂപ്പിന്റെ നേതാവ്? പുനഃസംഘടനയിലെ നീറുന്ന ചോദ്യം

കോഴിക്കോട്∙ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്കുള്ള ഐ ഗ്രൂപ്പിന്റെ പട്ടിക ആരാണ് നൽകുക? ഐ ഗ്രൂപ്പിന് അവകാശപ്പെട്ട ജില്ലകളിലെ പ്രസിഡന്റിനെ ആരു നിർദേശിക്കും? പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു മുതൽ കോൺഗ്രസിലെ ഐ ഗ്രൂപ്പിനുള്ളിൽ രൂപമെടുത്ത പുതിയ ഉൾപ്പിരിവുകളാണ് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പുനഃസംഘടന അനന്തമായി നീളുന്നതിനു പിന്നിൽ. ഡിസിസി പുനഃസംഘടനയിലെ പ്രധാന ചോദ്യവും അതു തന്നെയാണ്. ആരാണ് ഐ ഗ്രൂപ്പിന്റെ നേതാവ്?
രമേശ് ചെന്നിത്തല നേതൃത്വം നൽകിയിരുന്ന ഐ ഗ്രൂപ്പിലായിരുന്ന വി.ഡി.സതീശനും കെ.സുധാകരനും കെ.സി.വേണുഗോപാലും കെ.മുരളീധരനും ഇന്ന് ചെന്നിത്തലയ്ക്കൊപ്പമില്ല. അപ്പോൾ ചെന്നിത്തല നൽകുന്ന പട്ടിക എങ്ങനെ ഐ ഗ്രൂപ്പിന്റെ പട്ടികയാകും എന്നാണ് മറ്റുള്ളവരുടെ ചോദ്യം. അതേ സമയം ചെന്നിത്തലയുടെ അണികളെ മാത്രം ഐ ഗ്രൂപ്പായി അംഗീകരിച്ചാൽ മതിയെന്നു കെഎസ്‌യുവിലെയും യൂത്ത് കോൺഗ്രസിലെയും എ വിഭാഗത്തിന് ഗ്രൂപ്പ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭാരവാഹിത്വം വീതം വയ്ക്കുമ്പോൾ പഴയ എ, ഐ കണക്കല്ല, പുതിയ സമവാക്യങ്ങളാണ് പരിഗണിക്കേണ്ടതെന്നാണ് ഐ ഗ്രൂപ്പിലുള്ള പുതിയ വിഭാഗങ്ങളുടെ ആവശ്യം.
കെ.കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചു പുറത്തുപോയതിനു ശേഷം കോൺഗ്രസിൽ ബാക്കിയായ ഐ ഗ്രൂപ്പുകാരെ കൂട്ടിയോജിപ്പിച്ച് വിശാല ഐ എന്ന പുതിയ കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയത് 2005ൽ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തലയായിരുന്നു. വിശാല ഐ പിന്നീട് കേരളത്തിലെ ഐ ഗ്രൂപ്പ് തന്നെയായി മാറി. പഴയ മൂന്നാം ഗ്രൂപ്പുകാരനായിരുന്ന ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നേതാവായി. കരുണാകരൻ–ആന്റണി അച്ചുതണ്ടിന്റെ മാതൃകയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രണ്ടറ്റത്തു നിന്ന് പാർട്ടിയെ നയിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലുമുണ്ടായ നേതൃമാറ്റം ചെന്നിത്തലയുടെ കരുത്തുചോർത്തി. വിശ്വസ്തർ എന്നു കരുതിയവർ പോലും കളം മാറ്റിച്ചവിട്ടി.
ഗ്രൂപ്പിനെ വിശാലമാക്കിയ കെഎസ്‌യു തിരഞ്ഞെടുപ്പ്
കെ.കരുണാകരനും എ.കെ.ആന്റണിയും കോൺഗ്രസിനെ നയിച്ച കാലത്തു തുല്യശക്തികളായിരുന്നു കേരളത്തിലെ എ, ഐ ഗ്രൂപ്പുകൾ. കരുണാകരന്റെ പ്രിയ ശിഷ്യരായിരുന്ന രമേശ് ചെന്നിത്തലയും ജി.കാർത്തികേയനും നേതൃത്വം നൽകുന്ന മൂന്നാം ഗ്രൂപ്പും വയലാർ രവിയുടെ നാലാം ഗ്രൂപ്പും കൂടി അന്നു പാർട്ടിയിലുണ്ടായിരുന്നു. 2005ൽ കെ.കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ച് കോൺഗ്രസ് വിട്ടപ്പോൾ കോൺഗ്രസിൽ തുടർന്ന ഐ ഗ്രൂപ്പുകാർ പാർട്ടിയിലെ ഏറ്റവും ദുർബലമായ സംഘമായി. അവരുടെ തന്നെ ഭാഷയിൽ ‘അവശിഷ്ട ഐ ഗ്രൂപ്പ്’. പി.പി.തങ്കച്ചനായിരുന്നു നേതാവ്.
നാലാം ഗ്രൂപ്പുമായി അകന്നു നിൽക്കുകയായിരുന്ന കെ.സുധാകരൻ പി.പി.തങ്കച്ചനുമായി ചേർന്ന് ഐ ഗ്രൂപ്പിന്റെ കോഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി. മറുവശത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തണലിൽ എ ഗ്രൂപ്പ് കൂടുതൽ കരുത്തരായി. എഐസിസി സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയെ 2005 ജൂണിൽ ഹൈക്കമാൻഡ് കെപിസിസി പ്രസിഡന്റായി നിയോഗിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ദയനീയമായി പരാജയപ്പെട്ടെങ്കിലും കോൺഗ്രസിൽ എ ഗ്രൂപ്പിന്റെ മേൽക്കൈയ്ക്ക് മാറ്റമുണ്ടായില്ല. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി.
പാർട്ടിയിൽ അനുദിനം കരുത്തുനേടിക്കൊണ്ടിരുന്ന എ ഗ്രൂപ്പിനെതിരെ പുതിയൊരു സഖ്യം പിറവിയെടുത്ത് 2009ലെ കെഎസ്‌യു തിരഞ്ഞെടുപ്പിലായിരുന്നു. 21 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിനെതിരെ ആരു മത്സരിക്കുമെന്ന ചോദ്യമാണ് പഴയ ഐ ഗ്രൂപ്പുകാരെ ഒന്നിപ്പിച്ചത്. കെ.സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ വിശാല ഐ എന്ന പേരിൽ പുതിയൊരു വിഭാഗം രൂപമെടുത്തു. ഷാഫി പറമ്പിലായിരുന്നു എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർഥി. സുധാകരന്റെ വിശ്വസ്തനായ റിജിൽ മാക്കുറ്റി വിശാല ഐ ഗ്രൂപ്പിന്റെ സ്ഥാനാർഥിയായി. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് ഷാഫി ജയിച്ചെങ്കിലും മറുവശത്ത് പുതിയൊരു ഗ്രൂപ്പ് വളർന്നു തുടങ്ങുകയായിരുന്നു. 10 ജില്ലകളിലെ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് നേടിയപ്പോൾ 4 ജില്ലകളിലെ പ്രസിഡന്റ് സ്ഥാനം വിശാല ഐ ഗ്രൂപ്പ് സ്വന്തമാക്കി.
കോൺഗ്രസിൽ വീണ്ടും എ–ഐ ഗ്രൂപ്പുകാലം
2010 ഡിസംബറിൽ യൂത്ത് കോൺഗ്രസിലും സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് പി.സി.വിഷ്ണുനാഥ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന എം.ലിജുവായിരുന്നു വിശാല ഐ ഗ്രൂപ്പിന്റെ സ്ഥാനാർഥി. മത്സരത്തിൽ 113 വോട്ടുകൾക്കായിരുന്നു വിഷ്ണുനാഥിന്റെ വിജയം. 12 ലോക്സഭാ മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പ് നേടിയപ്പോൾ 8 എണ്ണം വിശാല ഐ ഗ്രൂപ്പ് നേടി.
കെഎസ്‌യു തിരഞ്ഞെടുപ്പിനേക്കാൾ മുന്നേറ്റമുണ്ടാക്കാനായതു മാത്രമായിരുന്നില്ല വിശാല ഐയുടെ നേട്ടം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിശാല ഐ എന്നതു മാറി ഐ ഗ്രൂപ്പ് എന്നു തന്നെ പുതിയ വിഭാഗം അറിയപ്പെട്ടു തുടങ്ങി. രമേശ് ചെന്നിത്തല കേരളത്തിലെ ഐ ഗ്രൂപ്പിന്റെ നേതാവായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്നു മത്സരിച്ച് ചെന്നിത്തല നിയമസഭയിലെത്തി. തുടക്കത്തിൽ മന്ത്രിസഭയിൽ അംഗമാകാതെ കെപിസിസി പ്രസിഡന്റായി തുടർന്നെങ്കിലും രണ്ടര വർഷത്തിനു ശേഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയുമായി മന്ത്രിസഭയിലെ രണ്ടാമനായി.
ഏകോപനത്തിന് കോർ കമ്മിറ്റി, ജില്ലകളിൽ ഒപ്പത്തിനൊപ്പം
2012ലെ കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പുകാലത്ത് കെ.മുരളീധരൻ കൂടി ഗ്രൂപ്പിന്റെ ഭാഗമായി. ഐ ഗ്രൂപ്പിന് സംസ്ഥാന തലത്തിൽ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ചു. രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ, പി.പി.തങ്കച്ചൻ, എം.ഐ.ഷാനവാസ് എന്നിവരായിരുന്നു അംഗങ്ങൾ. ഇതേ മാതൃകയിൽ ജില്ലകളിലും കോർ കമ്മിറ്റികളുണ്ടാക്കി. 2012ലെ കെഎസ്‌യു തിരഞ്ഞെടുപ്പിലും പക്ഷേ വിജയം എ ഗ്രൂപ്പിനായിരുന്നു. ഐ ഗ്രൂപ്പിന്റെ എ.എം.രോഹിതിനെ പരാജയപ്പെടുത്തി എ ഗ്രൂപ്പിലെ വി.എസ്.ജോയ് സംസ്ഥാന പ്രസിഡന്റായി. എന്നാൽ ജില്ലാ കമ്മിറ്റികളിൽ ഏഴെണ്ണം വീതം സ്വന്തമാക്കി ഇരു ഗ്രൂപ്പുകളും ഒപ്പത്തിനൊപ്പമെത്തി. രണ്ടു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ എ–10, ഐ–4 എന്ന സ്കോർബോർഡ് 7–7 എന്നു മാറ്റിയെഴുതപ്പെട്ടു.

പാർലമെന്ററി പാർട്ടിയിലെ ‘ഐക്കരുത്ത്’
2013ലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലും 2017ലെ കെഎസ്‌യു തിരഞ്ഞെടുപ്പിലും വിജയം എ ഗ്രൂപ്പിനു തന്നെയായിരുന്നു. എന്നാൽ 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിനായിരുന്നു അംഗബലം കൂടുതൽ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 22 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും ഐ ഗ്രൂപ്പുകാർ ആയിരുന്നു. എ ഗ്രൂപ്പുകാർ 7 പേർ മാത്രം. 3 പേർ രണ്ടു ഗ്രൂപ്പിലും പെടാത്തവർ. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനത്തിനു പിന്നിൽ ഈ കണക്കുമുണ്ടായിരുന്നു.
അങ്ങനെ പാർലമെന്ററി പാർട്ടിയിലെ കരുത്തിൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിന് തന്നെയായിരുന്നു അംഗബലം കൂടുതൽ. എന്നാൽ തലമുറ മാറ്റത്തിനായി പാർട്ടിക്കുള്ളിൽ ഉയർന്ന ആവശ്യം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിയെഴുതി. ഉമ്മൻ ചാണ്ടി പിന്തുണച്ചിട്ടും രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാൻ കഴിഞ്ഞില്ല.
നേതൃമാറ്റ ചർച്ചകളിൽ വിള്ളൽ വിശാലമായി
2016ൽ ലഭിച്ച 47 സീറ്റ് പോലും കിട്ടാതെ 2021ൽ യുഡിഎഫ് 41 എംഎൽഎമാരിലേക്കു ചുരുങ്ങിയതോടെയാണു രമേശ് ചെന്നിത്തല മാറണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമായത്. പകരം വി.ഡി.സതീശന്റെ പേരാണ് യുവ എംഎൽഎമാർ മുന്നോട്ടുവച്ചത്. നിർണായക പദവികളിലേക്കു പല വട്ടം പരിഗണിക്കപ്പെട്ടിട്ടും അവസാന നിമിഷം മറ്റുള്ളവർക്കായി മാറിക്കൊടുക്കേണ്ടി വന്ന സതീശൻ ഇത്തവണ പിന്മാറാനില്ലെന്നു വ്യക്തമാക്കിയതോടെ ഐ ഗ്രൂപ്പിൽ വിള്ളൽ വീണു. കെ.സി.വേണുഗോപാലും കെ.സുധാകരനും നേതൃമാറ്റമെന്ന ആശയത്തിനൊപ്പം നിന്നതോടെ ഇരുവർക്കൊപ്പമുള്ള ഐയിലെ എംഎൽഎമാരും സതീശനൊപ്പം നിന്നു.
അതേ സമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. നിയമസഭാ കക്ഷിയിൽ എ ഗ്രൂപ്പിനു ഭൂരിപക്ഷം ഇല്ലാത്തതു മാത്രമല്ല. ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയുടെ കുന്തമുനയായിരുന്ന സതീശനോട്, ചെന്നിത്തലയോട് ഉള്ളതിനേക്കാൾ എതിർപ്പുള്ള പലരും എ ഗ്രൂപ്പിലുണ്ടായിരുന്നു എന്നതും ആ തീരുമാനത്തിനു കാരണമായി. എന്നാൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ടി.സിദ്ദിഖ് ഉൾപ്പെടെ രണ്ടു പേർ ആ തീരുമാനം മറികടന്ന് വി.ഡി.സതീശനെ പിന്തുണച്ചു ഗ്രൂപ്പുകൾ പല തട്ടിലായതോടെ ഹൈക്കമാൻഡ് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സതീശനെ പ്രതിപക്ഷ നേതാവാക്കി. പിന്നാലെ കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതോടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃനിരയിൽ നിരയിൽ സതീശൻ–സുധാകരൻ ടീം രൂപമെടുത്തു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണയും പുതിയ ടീമിനുണ്ട്. കെ.മുരളീധരനും മനസ്സുകൊണ്ട് ഈ ഗ്രൂപ്പിനൊപ്പം തന്നെ.
ആരാണ് ഐ ഗ്രൂപ്പിന്റെ നേതാവ്?
2012ൽ രൂപീകരിച്ച ഐ ഗ്രൂപ്പിന്റെ ഏഴംഗ കോർ കമ്മിറ്റിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 6 പേരിൽ നാലു പേർ– കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ– എന്നിവർ ഇപ്പോൾ രമേശ് ചെന്നിത്തലയോടൊപ്പമില്ല. വിശാല ഐ ഗ്രൂപ്പിനുള്ളിൽ നിന്നു കൊണ്ടു തന്നെ പഴയ മൂന്നാം ഗ്രൂപ്പിനെ നയിച്ചിരുന്ന കെ.സി.വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയായതോടെ അദ്ദേഹത്തിന്റെ ഗ്രൂപ്പ് കരുത്താർജിച്ചു. കണ്ണൂരിൽ മാത്രമൊതുങ്ങിയിരുന്ന സുധാകരൻ ഗ്രൂപ്പും എല്ലാ ജില്ലകളിലേക്കും വളർന്നു തുടങ്ങി. പാർട്ടിയിലേക്ക് തനിക്കൊപ്പം മടങ്ങിവന്നവർ കെ.മുരളീധരനൊപ്പമുണ്ട്. തൽക്കാലം സ്വന്തം പേരിൽ ഗ്രൂപ്പുണ്ടാക്കിനില്ലെന്നാണ് വി.ഡി.സതീശന്റെ നിലപാട് എങ്കിലും സ്വന്തമായി അണികളുണ്ട്. നിലവിൽ നാലുപേരും പുതിയ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗവുമാണ്.
വിശാല ഐ ഗ്രൂപ്പ് രൂപം കൊണ്ട ശേഷം കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗ്രൂപ്പിന്റെ സ്ഥാനാർഥികളായവരിൽ ഭൂരിപക്ഷവും ഇപ്പോൾ ചെന്നിത്തലയ്ക്കൊപ്പമില്ല. വിശ്വസ്തർ പലരും പാളയം ഉപേക്ഷിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം.ലിജു ചെന്നിത്തല ക്യാംപ് വിട്ടതാണ് ഒടുവിലത്തെ നീക്കം. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന്റെ പട്ടിക തീരുമാനിക്കേണ്ടത് രമേശ് ചെന്നിത്തല മാത്രമല്ലെന്ന് മറ്റു നേതാക്കൾ പറയുന്നത് കോർ കമ്മിറ്റിയിലെ ഈ കരുത്ത് ചൂണ്ടിക്കാട്ടിയാണ്. വിശാല ഐ ഗ്രൂപ്പായിരുന്ന കാലത്തെ സ്റ്റാറ്റസ്കോ വച്ചാണ് സ്ഥാനമാനങ്ങൾ വീതിക്കുന്നതെങ്കിൽ ഐ ഗ്രൂപ്പിന് ലഭിക്കുന്ന ഭാരവാഹിത്വത്തിൽ ഭൂരിപക്ഷവും പുതിയ ഔദ്യോഗിക നേതൃത്വത്തിന് അവകാശപ്പെട്ടതാണെന്ന് ഇവർ പറയുന്നു.
എന്നാൽ ഐ ഗ്രൂപ്പ് നേതാവായി ചെന്നിത്തലയെ അംഗീകരിച്ചാൽ മതിയെന്നാണ് കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും തലപ്പത്തുള്ള എ ഗ്രൂപ്പ് പ്രതിനിധികൾക്ക് എ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്നും കിട്ടിയ നിർദേശം. ഐ ഗ്രൂപ്പിന്റെ അവകാശം ആർക്കെന്ന ഈ തർക്കമാണ് കെഎസ്‌യു സംസ്ഥാന സമിതിയുടെയും യൂത്ത് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെയും പുനഃസംഘടന വൈകിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് പുനഃസംഘടന ഗ്രൂപ്പ് വീതം വയ്പാണെന്നു പരാതി ഉയർന്നതോടെ കെപിസിസി ഇടപെട്ട് പുനഃസംഘടന നിർത്തിവച്ചിരുന്നു. ഭാരവാഹിത്വം എ,ഐ ഗ്രൂപ്പുകൾ പങ്കിട്ടെടുക്കുന്നു എന്നതായിരുന്നു പരാതി. എന്നാൽ ഐ ഗ്രൂപ്പിന്റെ പങ്ക് ആർക്കാണ് എന്ന തർക്കമാണ് യഥാർഥ പ്രശ്നമെന്ന് പുതിയ നേതൃത്വം പറയാതെ പറയുന്നു.

