വധ ഗൂഢാലോചന കേസ്: ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യൽ.
മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം ഇതിന്റെ റിപ്പോർട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിനുശേഷമാകും ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക.
മൊബൈൽ ഫോണുകളിൽനിന്ന് സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല, പ്രതികൾക്കെതിരേ കൂടുതൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യൽ.
നേരത്തെ കോടതി നിർദേശപ്രകാരം ദിലീപ് അടക്കമുള്ള പ്രതികൾ മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇതിനുശേഷമാണ് ദിലീപ് അടക്കമുള്ളവർക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

