KSDLIVENEWS

Real news for everyone

വിവാഹ വാ‍ര്‍ത്തയ്ക്ക് പിന്നാലെ മേയ‍ര്‍ ആര്യ രാജേന്ദ്രനെതിരെ സൈബ‍ര്‍ ആക്രമണം

SHARE THIS ON

തിരുവനന്തപുരം: എംഎല്‍എ സച്ചിന്‍ ദേവുമായുള്ള (Sachin Dev) വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് (Mayor Arya Rajendran) നേരെ സൈബര്‍ ആക്രമണം (Cyber Attack). ആര്യയുടെ കോളേജ് ജീവിതവും സൌഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് – കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നടക്കം ആക്രമണം നടക്കുന്നത്.ഇന്നലെ വിവാഹ വാര്‍ത്ത പുറത്തുവന്നതിന് ശേഷം മേയര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് പ്രധാനമായും ആക്രമണം. അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയ സഖാക്കള്‍ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളാണ് ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളില്‍ അനുപമ വിഷയത്തില്‍ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കള്‍ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.

”എല്ലാം പെര്‍ഫക്‌ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം ”- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയാണ് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പ്രയോഗങ്ങള്‍ നടക്കുന്നത്.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും (Mayor Arya Rajendran) കോഴിക്കോട്, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും (Sachin Dev MLA) വിവാഹിതരാകുന്നു (Marriage). വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവാഹത്തെ സംബന്ധിച്ച്‌ ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായി. ബാലസംഘം എസ്‌എഫ്‌ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്.

‘എസ്‌എഫ്‌ഐ മുതല്‍ പരിചയം, വിവാഹം ഉടനുണ്ടാകില്ല, പാര്‍ട്ടിയും വീട്ടുകാരും തീരുമാനിക്കും’: മേയര്‍ ആര്യ

”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചവരാണ്.രണ്ട് പേര്‍ക്കും കുടുംബവും പാര്‍ട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച്‌ നടത്തേണ്ട കാര്യമാണ്. ഞങ്ങള്‍ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മില്‍ വിവാഹത്തെ കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാല്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ഉടനെ വിവാഹമുണ്ടാകില്ല – ആര്യ പറയുന്നു.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരുമിച്ച്‌ ജീവിക്കാനുള്ള ഇരുവരുടേയും തീരുമാനത്തെ കുടുംബാംഗങ്ങള്‍ കൂടി പിന്തുണക്കുകയായിരുന്നു. കോഴിക്കോട് നിന്നും സച്ചിന്റെ കുടുംബം തിരുവനന്തപുരത്തെത്തി ആര്യയുടെ വീട്ടുകാരുമായി കല്യാണക്കാര്യം ഔദ്യോഗികമായി സംസാരിച്ചു ധാരണയിലെത്തിയിട്ടുണ്ട്. ഇനി പാര്‍ട്ടി അനുമതിയോടെ തിയ്യതി ഉറപ്പിക്കല്‍ മാത്രമാണ് ബാക്കി.

ബാലുശ്ശേരിയില്‍ കന്നി അങ്കത്തിനിറങ്ങിയ സച്ചിന്‍ ദേവിന്റെ പ്രചാരണത്തിനായി ആര്യയെത്തിയത് തെരഞ്ഞെടുപ്പ് കാലത്തെ വാര്‍ത്തയായിരുന്നു. കോഴിക്കോട് സ്വദേശിയായ സച്ചിന്‍ നിലവില്‍ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടരിയായിരിക്കെയാണ് ബാലുശ്ശേരിയില്‍ നിന്നും 28 മത്തെ വയസില്‍ നിയമസഭയിലേക്കെത്തുന്നത്. സച്ചിനിപ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ഓള്‍ സെയിന്‍റ്സ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ 21 ആം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകുന്നത്. നിലവില്‍ എസ്‌എഫ്‌ഐ സംസ്ഥാന സമിതി അംഗമാണ് ആര്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!