KSDLIVENEWS

Real news for everyone

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു

SHARE THIS ON

ചെന്നൈ: തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സാമി, ശിവാജി, അന്യൻ, ഖുഷി, റൺ, ഷാജഹാൻ തുടങ്ങി 220ലേറെ സിനിമകളിൽ അഭിനയിച്ചു. അഞ്ചു തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്. സംവിധായകൻ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്തും തിളങ്ങി. 1987ൽ പുറത്തിറങ്ങിയ ‘മാനതിൽ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. 1990കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. ബിഗൾ, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ. വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!