സനുമോഹന്റെ ലോഡ്ജില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; തിരച്ചില്‍ ശക്തമാക്കി പോലീസ്, പിടിവീഴും

കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽനിന്നുള്ളതും ലോഡ്ജിൻറെ പരിസരപ്രദേശത്ത് കൂടി നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സനുമോഹനെ പിടികൂടാൻ പോലീസ് സംഘം കർണാടകയിൽ വ്യാപക പരിശോധന തുടരുകയാണ്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽ മുറിയെടുത്ത സനുമോഹൻ ലോഡ്ജിലെ ലോബിയിൽ ഇരിക്കുന്നതിന്റെയും ലോഡ്ജ് കെട്ടിടത്തിന് സമീപത്തുകൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ ലോഡ്ജിൽനിന്ന് മുങ്ങിയ ഇയാൾക്കായി മംഗളൂരു, കൊല്ലൂർ മൂകാംബിക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. കൊച്ചിയിൽനിന്നുള്ള പോലീസ് സംഘത്തിനൊപ്പം കർണാടക പോലീസും സഹായത്തിനുണ്ട്. കർണാടകയിലെ വിമാനത്താവളങ്ങളിലും പോലീസ് പ്രത്യേകനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം വിമാനത്താവളത്തിലേക്ക് പോകാൻ സനുമോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയത്. സനുമോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച്. നാഗരാജുവും മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു. ഏപ്രിൽ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിൽ പോകാൻ സനു മോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടൽ മാനേജർ ടാക്സി ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജിൽ തിരികെവന്നില്ല. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയിൽ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല. സനു ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തിൽ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയതെന്ന് മനസിലായത്. മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

