KSDLIVENEWS

Real news for everyone

സംരക്ഷണത്തിന് ആതിഖ് സുപ്രീം കോടതി വരെ കയറിയിറങ്ങി; യു.പിയിലേക്ക് മാറ്റുന്നത് വധിക്കാനെന്ന് വിളിച്ചുപറഞ്ഞു

SHARE THIS ON

ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൊല്ലപ്പെട്ട ആതിഖ് അഹമ്മദ് ഈയിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.തന്നെ മാറ്റുന്നത് വധിക്കാനാണെന്നും അതിനാല്‍ ജയില്‍ മാറ്റം തടയണമെന്നും സംരക്ഷണം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഈ കോടതി പരാതിക്കാരന്റെ സംരക്ഷണം നിഷേധിക്കുകയാണെങ്കില്‍, അത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്നതാകുമെന്ന് ആതിഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതല്ലെന്നും ഹൈകോടതിയെ സമീപിക്കാനും അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. 2019ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നത്.

യു.പി പൊലീസ് തന്നെ കൊലപ്പെടുത്തുമെന്ന് കഴിഞ്ഞ മാര്‍ച്ച്‌ 26ന് രാവിലെ ആതിഖ് അഹമ്മദ് പറഞ്ഞിരുന്നു. ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുമ്ബായിരുന്നു ആതിഖിന്റെ പ്രതികരണം. ‘കൊല്ലപ്പെടും, കൊല്ലപ്പെടും’ എന്നാണ് ആതിഖ് ജയിലിന് പുറത്തുവെച്ച്‌ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തനിക്ക് അവരുടെ പദ്ധതിയറിയാമെന്നും അവര്‍ക്ക് തന്നെ കൊല്ലുകയാണ് വേണ്ടതെന്നും ആതിഖ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാനെന്ന പേരില്‍ തന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നായിരുന്നു ആതിഖിന്റെ ആരോപണം.

2005ല്‍ ബി.എസ്.പി എം.എല്‍.എ രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ ആതിഖ് അഹമ്മദ് പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ല്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖിനും മറ്റു രണ്ടുപേര്‍ക്കും കോടതി തടവുശിക്ഷ വിധിച്ചു. 2019 മുതല്‍ ആതിഖ് ജയിലില്‍ കഴിയുകയായിരുന്നു. ഉമേഷ് പാല്‍ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ആതിഖ് അഹമ്മദ് സബര്‍മതി ജയിലില്‍വെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!