അഗ്നിപഥ് ആളുന്നു: ബിഹാറിൽ മൂന്ന് തീവണ്ടികൾക്ക് തീയിട്ടു, ബി.ജെ.പി. ഓഫീസ് കത്തിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധം പലേടത്തും അക്രമാസക്തമായി. സായുധസേനകളിൽ യുവാക്കൾക്ക് നാലുവർഷത്തേക്ക് ഹ്രസ്വകാലനിയമനം നൽകുന്ന പദ്ധതിക്കെതിരേ ബിഹാർ, ഉത്തർപ്രദേശ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്.
യുവാക്കൾ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘർഷമുണ്ടായി. ബിഹാറിൽ പ്രതിഷേധം അക്രമാസക്തമായി. മൂന്ന് തീവണ്ടികൾക്ക് തീയിട്ടു. നവാഡയിലെ ബി.ജെ.പി. ഓഫീസ് തീവെച്ചു. വിവിധയിടങ്ങളിൽ റോഡുകളും റെയിൽപ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. ബിഹാറിൽനിന്നുള്ള 22 തീവണ്ടികൾ റദ്ദാക്കി.
രാജസ്ഥാനിലെ അജ്മേർ-ഡൽഹി ദേശീയപാത ഉദ്യോഗാർഥികൾ തടഞ്ഞു. ജോധ്പുരിൽ പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഹിമാചൽപ്രദേശിലെ ഗഗ്ഗൽ വിമാനത്താവളത്തിനുമുന്നിലും യുവാക്കൾ പ്രതിഷേധിച്ചു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസ് മധ്യപ്രദേശിലെ ഗ്വാളിയർ സ്റ്റേഷനിൽ പ്രതിഷേധക്കാർ ആക്രമിച്ചു. സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയവർ ചില്ലുകൾ അടിച്ചുതകർത്തു. സെക്കൻഡ് എ.സി., തേർഡ് എ.സി. കമ്പാർട്ട്‌മെന്റുകളിലെ ജനൽഗ്ലാസുകൾ തകർന്നു. ആർക്കും പരിക്കില്ല. തീവണ്ടി യാത്ര തുടർന്നു. പ്രതിഷേധക്കാർ ഏഴ് തീവണ്ടികൾക്കും റോഡുകളിലെ വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തി.
ഹരിയാണയിലെ ഗുരുഗ്രാമിലും പ്രതിഷേധം ആളിക്കത്തി. ഡൽഹിയിലെ ജന്തർമന്തിർ റോഡിൽ പ്രതിഷേധക്കാർ പന്തംകൊളുത്തിപ്രകടനം നടത്തി. ആക്രമണത്തിനിടയിൽ നവാഡയിൽ ബി.ജെ.പി. എം.എൽ.എ. അരുണാദേവിക്ക് പരിക്കേറ്റു. നവാഡയിലെ ബി.ജെ.പി. ഓഫീസിനുനേരെയും ആക്രമണം നടന്നു.
അഗ്നിപഥ് പദ്ധതി യുവാക്കളെ കബളിപ്പിക്കാനാണെന്നും താത്‌കാലികാടിസ്ഥാനത്തിലുള്ള ഈ സംവിധാനം കൊണ്ടുവന്നശേഷം സ്ഥിരംജോലിക്കുള്ള റിക്രൂട്ട്‌മെന്റ് റാലികൾ അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചാണ് ഉദ്യോഗാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തൊഴിലന്വേഷകരും സൈന്യത്തിന്റെ അവസാനഘട്ടപരിശീലനംവരെ കഴിഞ്ഞ് നിയമനം കാത്തിരിക്കുന്നവരും എൻ.സി.സി. കേഡറ്റുകളും പ്രതിഷേധത്തിനിറങ്ങി. റെയിൽവേ റിക്രൂട്ട്‌മെന്റ് നടപടികൾക്കെതിരേ വ്യാപകപ്രതിഷേധമുണ്ടായി മാസങ്ങൾ പിന്നിടുമ്പോഴാണ് ബിഹാറിൽ സൈനിക റിക്രൂട്ട്‌മെന്റിനെതിരേ കനത്ത എതിർപ്പുയരുന്നത്.
എതിർപ്പിനു കാരണം
– നിയമനം കരാറടിസ്ഥാനത്തിൽ
– പ്രത്യേക റാങ്കുകൾ നൽകില്ല
– ജോലിക്ക് പ്രവേശിക്കുന്നവരിൽ 75 ശതമാനംപേർക്കും നാലു വർഷത്തിനുശേഷം നിർബന്ധിത വിരമിക്കൽ
– സ്ഥിരംജോലിയാവാൻ സാധ്യത കുറവ്
– പെൻഷനില്ല, ഗ്രാറ്റ്വിറ്റിയില്ല, മറ്റ് ആനുകൂല്യങ്ങളില്ല
– വിരമിക്കുമ്പോൾ നൽകുന്ന 11.71 ലക്ഷം രൂപമാത്രം
– പ്രായപരിധി- 17.5 വയസ്സ് മുതൽ 21 വയസ്സുവരെ മാത്രം
– വിദ്യാഭ്യാസത്തെ ബാധിക്കും
– നാലുവർഷത്തിനു ശേഷമെന്ത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല
– നിലവിൽ പുരുഷ ഉദ്യോഗാർഥികൾക്കുമാത്രം അവസരം
-സ്ഥിരം നിയമനത്തിനുള്ള റിക്രൂട്ട്‌മെന്റുകൾ ഇല്ലാതാകും

