KSDLIVENEWS

Real news for everyone

അഗ്നിപഥ് പ്രതിഷേധം വ്യാപിക്കുന്നു; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, 35 തീവണ്ടികള്‍ റദ്ദാക്കി

SHARE THIS ON

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. വാറങ്കല്‍ സ്വദേശിയായ ദാമോദര്‍ ആണ് മരിച്ചത്.


റെയില്‍വെ പോലീസ് നടത്തിയ വെടിവെപ്പിനിടെയാണ് യുവാവ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് സെക്കന്തരാബാദില്‍ മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല. പ്രക്ഷോഭകര്‍ തീവണ്ടി എന്‍ജിനുകളും കോച്ചുകളും തീവച്ച് നശിപ്പിച്ചതായി ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എ.കെ ഗുപ്ത സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനില്‍ മാധ്യമങ്ങളോട് പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്തു വരികയാണ്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. ഒരു ബിജെപി എംഎല്‍എയുടെ വീടിനുനേരെയും ബിഹാറില്‍ ആക്രമണമുണ്ടായി. ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ ഒരു തീവണ്ടി കോച്ചിന് തീവച്ചു. റെയില്‍വെ സ്‌റ്റേഷനുനേരെയും ആക്രമണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!