ഓപ്പറേഷൻ തൂഫാൻ: എട്ട് ചാക്ക് പുകയില ഉത്‌പന്നങ്ങളുമായി മധൂർ പട്‌ള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്ന് യുവാവ് പിടിയിൽ

വിദ്യാനഗർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിദ്യാനഗർ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് നിരോധിത ഉത്‌പന്നങ്ങളുമായി യുവാവിനെ പിടികൂടി. മധൂർ പട്ട്‌ല ലക്ഷംവീട്ടിലെ ഇബ്രാഹിം ബാദിഷ (36) ആണ് പിടിയിലായത്. വിദ്യാനഗർ ഇൻസ്പെക്ടർ എം.വി. വിനീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മധൂർ പട്‌ള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിൽ നിന്നാണ് എസ്.ഐ. എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പുകയില ഉത്‌പന്നങ്ങൾ പിടിച്ചത്. കർണാടകയിൽനിന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്ന വിവിധങ്ങളായ പുകയില ഉത്‌പന്നങ്ങളായിരുന്നു പിടിച്ചത്. നിരോധിത പുകയില ഉത്‌പന്നങ്ങൾ വിവിധ വ്യാപാര സ്ഥാപനങ്ങളിലെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. എസ്.ഐ. മാരായ ഇ. ഉമേശൻ, രമേശ്, സി.പി.ഒ. മാരായ സുജീഷ്, നജേഷ്, ബിനു, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ സുജിത്ത്, അനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

