പടിഞ്ഞാറന്‍ യൂറോപിന്റെ ജീവനെടുത്ത് മഹാപ്രളയം; മരണം 125ലേറെ, നൂറുകണക്കിന് പേരെ കാണാനില്ല

ബെര്‍ലിന്‍: ജര്‍മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളെ മുക്കി രൂക്ഷമായി തുടരുന്ന മഹാപ്രളയത്തില്‍ മരണസംഖ്യ കുതിക്കുന്നു. ജര്‍മനിയിലെ റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ് സംസ്ഥാനത്ത് 63 പേരും അയല്‍ സംസ്ഥാനമായ റൈന്‍- വെസ്റ്റ്ഫാലിയയില്‍ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതിച്ചെത്തിയ വെള്ളപ്പാച്ചിലില്‍ നൂറുകണക്കിന് പേര് ഒലിച്ചുപോയതിനാല്‍ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്. അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ 20 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ കാണാനില്ല. ബെല്‍ജിയത്തില്‍നിന്ന് നെതര്‍ലന്‍ഡ്സിലേക്ക് ഒഴുകുന്ന മ്യൂസ് പുഴയില്‍ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്. ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയാണ് നൂറ്റാണ്ടിനിടെ യൂറോപ് സാക്ഷിയായ ഏറ്റവും വലിയ പ്രളയത്തിനിടയാക്കിയത്. ജര്‍മനിയില്‍ നിരവധി വീടുകള്‍ തകര്‍ന്നത് ആയിരങ്ങളെ ഭവന രഹിതരാക്കി. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആഗോള താപനം മൂലമുണ്ടായ തോരാമഴയാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മര്‍ദം ഇതിനകം 1.2 ഡിഗ്രി കൂടിയിട്ടുണ്ട്. അത് ഇനിയും ഉയരുമെന്നാണ് ആശങ്ക.
രക്ഷാ പ്രവര്‍ത്തനവുമായി സൈനികരും പൊലീസും രംഗത്തുണ്ട്. ലോക രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

