സ്വന്തം രക്തം തെറിച്ച ക്യാമറയുമായി ഡാനിഷ് മടങ്ങി; അവശേഷിക്കുന്നത് എക്കാലത്തെയും മികച്ച ഫ്രെയിമുകള്‍

കാണ്ഡഹാറിലെ കലാപഭൂമിയിൽ രാവേറെ ചെന്നിരുന്നു. എങ്ങും വെടിയൊച്ചകൾ മാത്രം. ടാങ്കറുകളോട് ഘടിപ്പിച്ചിട്ടുള്ള മെഷീൻ ഗണ്ണിൽനിന്നും മിന്നിപ്പായുന്ന തീയുണ്ടകളുടെ വെളിച്ചം സാധ്യമാക്കിയ ചിതറിയ കാഴ്ചകൾ ഡാനിഷ് സിദ്ദിഖ് പകർത്തി കൊണ്ടേയിരുന്നു. അപ്പോഴേക്കും ക്യാമറയുടെ വ്യൂ ഫൈൻഡറിൽ നടുക്കുന്ന ആ യാഥാർത്ഥ്യം തെളിഞ്ഞു കഴിഞ്ഞിരുന്നു- താൻ സഞ്ചരിക്കുന്ന അഫ്ഗാൻ സൈനിക യൂണിറ്റ് വാഹനത്തിനു ചുറ്റും താലിബാൻ സൈന്യം വളഞ്ഞു കഴിഞ്ഞു. ഒരു പക്ഷെ, ലോക പ്രശസ്തനായ പുലിറ്റ്സർ പുരസ്കാര ജേതാവായ ആ യുവ ഫോട്ടോഗ്രാഫറുടെ മനസ്സിൽ പതിഞ്ഞ അവസാന ഫ്രെയിമുകൾ ഇതൊക്കെയായിരിക്കാം. പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു. പിറ്റേന്ന് (2021 ജൂലൈ 16) രാവിലെ ഇന്ത്യയിലെ അഫ്ഗാൻ സ്ഥാനപതി ഫരീദ് മാമുണ്ട്സെ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് ഇങ്ങനെ: “ഇന്നലെ രാത്രി കണ്ഡഹാറിൽ ഒരു സുഹൃത്ത്, ഡാനിഷ് സിദ്ദിഖി, കൊല്ലപ്പെട്ടതിന്റെ ദുഃഖകരമായ വാർത്ത അറിയിക്കുന്നു. തീർത്തും നടുക്കുന്ന വാർത്ത. ഇന്ത്യൻ ജേർണലിസ്റ്റും പുലിറ്റ്സർ പ്രൈസ് ജേതാവുമായ ഡാനിഷ് അഫ്ഗാൻ സുരക്ഷാ സേനയോടൊപ്പമാണുണ്ടായിരുന്നത്. കാബൂളിലേക്ക് പുറപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും റോയിട്ടേഴ്സിനും അനുശോചനം.” പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷിന്റെ ദാരുണമായ അന്ത്യം. റോഹിംഗ്യൻ അഭയാർഥികളുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് ഡാനിഷിന് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തത്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ നടുക്കുന്ന യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ചതിലൂടെയും ഡാനിഷ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയി നിന്നാണ് ഡാനിഷ് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് ജാമിയയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി. ടെലിവിഷൻ വാർത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേർണലിസത്തിലേക്ക് കളംമാറി. 2010-ലാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ ചേർന്നത്. റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഡാനിഷിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. 2016-ലെ മൊസുൾ യുദ്ധം, 2015 ഏപ്രിൽ മാസത്തിലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയ സംഭവങ്ങളുടെ ഫോട്ടോ ഇമേജുകൾ മികവോടെ ഡാനിഷ് പകർത്തി. 2019-2020-ലെ റോഹിംഗ്യൻ വംശഹത്യയിൽനിന്നുണ്ടായ അഭയാർഥി പ്രവാഹത്തെക്കുറിച്ചുള്ള ഡാനിഷിന്റെ ഫോട്ടോകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടു. സ്വന്തം ജന്മനാട്ടിൽനിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ് അതിർത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തിയ അവശരായ അഭയാർഥികളുടെ ചിത്രങ്ങൾ ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു. തന്റെ സഹപ്രവർത്തകനായ അദ്നാൻ അബീദിയോടൊപ്പം അവാർഡ് പങ്കിട്ടപ്പോൾ ഡാനിഷ് പുലിറ്റ്സർ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. 2020-ലെ ദില്ലി കലാപത്തിൽ അദ്ദേഹം ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്സ് ‘ആ വർഷത്തെ നിർവചിക്കുന്ന’ ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു. അപകടകരമായ പ്രശ്നഭൂമിയിൽനിന്ന് മറ്റുള്ളവരെല്ലാം ഓടിയകലുമ്പോൾ അവിടേക്ക് പാഞ്ഞെത്താൻ വിധിക്കപ്പെടുന്നവരാണ് ഫോട്ടോ ജേർണലിസ്റ്റുകൾ. അവരിലൊരാളായിരുന്നു ഡാനിഷ് സിദ്ദിഖി. അപകടകരമായ സംഭവസ്ഥലങ്ങളിലേക്ക് സധൈര്യം കടന്നു ചെല്ലുക മാത്രമല്ല ആരുടെയും മനസ്സിൽ തട്ടുന്ന രീതിയിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്ത സർഗ്ഗധനനായ ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ലോകത്തിന്റെ നെറികേടുകളിലേക്ക് തന്റെ ക്യാമറയുടെ ലെൻസ് തുറന്നു വെച്ച ഡാനിഷിന്റെ ഫ്രെയിമുകൾ അതാതു രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഉണ്ടാക്കിയ അലോസരങ്ങൾ ചില്ലറയല്ല. സ്വന്തംരക്തം പതിഞ്ഞ ക്യാമറയുമായാണ് ഡാനിഷ് സിദ്ദിഖി കാണ്ഡാഹാറിലെ കലാപഭൂമിയിൽ മാഞ്ഞുപോയത്. അപ്പോഴും ഡാനിഷ് മനസ്സലിയിക്കുന്ന ഒരുപാട് ഫ്രെയിമുകൾ സ്വന്തം ക്യാമറയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കണം.

