ശസ്ത്രക്രിയയ്ക്കിടെ ഒൻപതു വയസ്സുകാരൻ മരിച്ച സംഭവം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക റിപ്പോർട്ട്

കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. ബേഡകം തലേക്കുന്നിലെ മുഹമ്മദ് ഇയാസ് എന്ന 9 വയസ്സുകാരൻ മരണപ്പെട്ടത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഡോക്ടറുടെ അനാസ്ഥയും ശസ്ത്രക്രിയയിലെ പിഴവുമാണ് മരണകാരണമെന്നാരോപിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയത്.
പോസ്റ്റുമോർട്ടത്തിൻ്റെ വിശദമായ അന്തിമ റിപ്പോർട്ട് പിന്നീട് അന്വേഷണ സംഘത്തിന് കൈമാറും. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്‌ച രാവിലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കുട്ടിക്ക് അരയ്ക്ക് താഴെ ജനറൽ അനസ്തേഷ്യ നൽകിയ ശേഷമാണ് ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. കുട്ടി മരണപ്പെട്ടതിന് ശേഷമാണ് ആശുപത്രി അധികൃതർ വിവരം അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

