KSDLIVENEWS

Real news for everyone

തിങ്ങിക്കൂടി 640 പേര്‍ അഫ്ഗാന്‍വിട്ടു: ഇത് വിമാനത്തിനുള്ളിലെ കാഴ്ച, കയറാനാകാതെ നിരാശരായി ആയിരങ്ങള്‍

SHARE THIS ON

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെ കൂട്ടപ്പലായനത്തിന്റെ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. പ്രാണരക്ഷാർഥം രാജ്യം വിട്ടുപോവാനായുള്ള ജനക്കൂട്ടത്തിന്റെ പരക്കം പായലിന്റെ നിരവധി കാഴ്ചകൾ കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. വിമാനത്തിൽ തിങ്ങിക്കൂടിയ ആളുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആളുകളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേർ അവസാന അഭയമെന്നോണം വിമാനത്തിനുള്ളിൽ കയറിപ്പറ്റുകയായിരുന്നു. കാബൂളിൽ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റർ || കാർഗോ ജെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫൻസ് മാധ്യമമമായ ഡിഫൻസ് വൺ പുറത്തുവിട്ടത്. യാത്രക്കാരെ സുരക്ഷിതമായി കാബൂളിൽ നിന്ന് ഒഴിപ്പിച്ചുവെന്ന് ഡിഫൻസ് വൺ റിപ്പോർട്ട് ചെയ്തു.




തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യുഎസ് വിമാനങ്ങളിലെല്ലാം കയറാൻ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു. അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലായിരുന്നു ജനങ്ങൾ. വിമാനത്തിൽ കയറിപ്പറ്റാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.

എങ്ങനെയെങ്കിലും രക്ഷപ്പെടാനായി വിമാനം പൂർണമായും റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ ആളുകൾ പിന്നാലെ ഓടി വിമാനത്തിൽ കയറാൻ പോലും ശ്രമിച്ചു. വിമാനം ലാൻഡ് ചെയ്തപ്പോൾ പിന്നെ എങ്ങനെയെങ്കിലും കയറിപ്പറ്റാനായി തിരക്കുകൂട്ടൽ. വിമാനത്തിന്റെ പുറംഭാഗങ്ങളിൽ പോലും ആളുകൾ പിടിച്ചുനിന്നു. വിമാനത്തിന്റെ ചിറകിൽ തൂങ്ങി യാത്ര ചെയ്ത മൂന്ന് പേർ യാത്രയ്ക്കിടെ വീണുമരിച്ചു. അഭയം തേടി പലായനം ചെയ്യുന്ന അഫ്ഗാൻ ജനതയുടെ കാഴ്ചകൾ രാജ്യം ഇപ്പോൾ നേരിടുന്ന ദുരന്തത്തിന്റെ നേർസാക്ഷ്യമായി ബാക്കിയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!