KSDLIVENEWS

Real news for everyone

യു.പിയില്‍ പേരുമാറ്റം തുടരുന്നു; അലിഗഢ് ഹരിഗഢാകും, മെയിന്‍പുരി ഇനി മായന്‍ നഗര്‍; പ്രമേയം പാസാക്കി

SHARE THIS ON

ലഖ്നൗ: ഉത്തർപ്രദേശിൽ ജില്ലകളുടെ പേരുമാറ്റം തുടരുന്നു. അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കും. മെയിൻപുരി ജില്ല ഇനിമുതൽ മായൻ നഗറാകും. ഇരു ജില്ലകളുടെയും പേരുമാറ്റം നിർദേശിച്ച് അലിഗഢ്, മെയിൻപുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരിൽ അറിയപ്പെടും. അലിഗഢ്, മെയിൻപുരി ജില്ലാ പഞ്ചായത്തിൽ ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്. ജില്ലയുടെ പഴയ പേര് തന്നെ പുനഃ,സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമാണ് പേരുമാറ്റം. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് സുപ്രധാന ജില്ലകളുടെ പേരുമാറ്റാനുള്ള നടപടികളിലേക്ക് യുപി സർക്കാർ നീങ്ങുന്നതെന്നും ശ്രദ്ധേയമാണ്. അലിഗഢ് ജില്ലാ പഞ്ചായത്ത് ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ആകെയുള്ള 72 അംഗങ്ങളിൽ യോഗത്തിൽ പങ്കെടുത്ത 50 പേരും പ്രമേയത്തെ അനുകൂലിച്ചു. മെയിൻ പുരി ജില്ലാ പഞ്ചായത്ത് യോഗത്തിൽ സമാജ് വാദി പാർട്ടി അംഗങ്ങൾ പ്രമേയത്തെ എതിർത്തു. 11ന് എതിരെ 19 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ‘അലിഗഢിന്റെ പേര് ഹരിഗഢ് ആക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ജില്ലാ പഞ്ചായത്ത് ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. അന്തിമ അനുമതിക്കായി പ്രമേയം സംസ്ഥാന സർക്കാരിന് കൈമാറും’- അലിഗഢ് ജില്ലാ പഞ്ചായത്ത് ചെയർമാൻ വിജയ് സിങ് പറഞ്ഞു. ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗർ എന്നാക്കണമെന്ന് നിർദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. 2017ൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മുസ്ലീം പേരിലുള്ള യുപിയിലെ നിരവധി നഗരങ്ങളുടെ പേരുകൾ മാറ്റിയിരുന്നു. അലഹബാദ് പ്രയാഗ് രാജാക്കി. ഫൈസാബാദ് നഗരം അയോധ്യയായി മാറി. മുഗൾസരായ് നഗരത്തിന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നാക്കിയും മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!