യു.എസ്. അഫ്ഗാനിസ്ഥാനില് ബാക്കി വെച്ചത് ‘വലിയ അരക്ഷിതാവസ്ഥ’യെന്ന് ചൈന

ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കും താലിബാന്റെ മുന്നേറ്റത്തിനും യു.എസിനെ കുറ്റപ്പെടുത്തി ചൈന. അഫ്ഗാനിസ്താൻ വിട്ട യു.എസ്. സൈന്യവും അധികൃതരും അവിടെ ബാക്കി വെച്ചത് ‘വലിയ കുഴപ്പങ്ങളാ’ണെന്ന് ചൈന ആരോപിച്ചു.
അഫ്ഗാനിൽ അസ്വസ്ഥതയുടെയും വിഭജനത്തിന്റെയും കുടുംബങ്ങളുടെ തകർച്ചയുടെയും വലിയൊരു അരക്ഷിതാവസ്ഥയാണ് യു.എസ്. ബാക്കി വെച്ചതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുനെയ്ങ് ചൊവ്വാഴ്ച പറഞ്ഞു.
യു.എസ്. സൈന്യം അഫ്ഗാൻ വിടുകയാണെന്ന അറിയിപ്പ് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ താലിബാനുമായി സഹകരിക്കാൻ തയ്യാറാണെന്നുള്ള സൂചന ചൈന നൽകിയിരുന്നു. കാബൂൾ ഉൾപ്പടെ രാജ്യമെമ്പാടും തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതിന് താലിബാനെ ഇത് സഹായിച്ചു.
20 വർഷത്തെ അഫ്ഗാൻ സേവനത്തിനുശേഷം തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയാണെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു. അഫ്ഗാൻ സൈന്യം പോരാടാൻ തയ്യാറാകാത്തിടത്ത് തങ്ങൾ പോരാടേണ്ടതില്ലെന്ന് ഇതിനു മറുപടിയായി ബൈഡൻ വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനുമായി 76 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് ചൈനയ്ക്കുള്ളത്. ന്യൂനപക്ഷ വിഭാഗമായ ഉയ്ഗുറുകളുടെ കേന്ദ്രമായി അതിർത്തിപ്രദേശമായ ഷിൻജിയാങ് മാറുമോയെന്ന ഭയം ഏറെ നാളായി ബെയ്ജിങ്ങിനുണ്ട്.
അതേസമയം, അഫ്ഗാനെ ഭീകരരുടെ താവളമായി ഉപയോഗിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി തിയാൻജിനിൽ കഴിഞ്ഞമാസം നടത്തിയ കൂടിക്കാഴ്ചയിൽ താലിബാൻ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്റെ പുനഃരുദ്ധാരണത്തിനുള്ള സാമ്പത്തികസഹായവും നിക്ഷേപവുമായിരുന്നു ഇതിനുപകരമുള്ള ചൈനയുടെ വാഗ്ദാനങ്ങൾ.
താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി സൗഹൃദവും സഹകരണവും തുടരാൻ തയ്യാറാണെന്ന് തിങ്കളാഴ്ച ചൈന വ്യക്തമാക്കിയിരുന്നു

