കരിപ്പുർ വിമാനാപകടം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കൊച്ചി: കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജി തള്ളി. അഭിഭാഷകനായ യശ്വന്ത് ഷേണായിയുടെ ഹർജിയാണ് തള്ളിയത്. അപകടത്തെക്കുറിച്ച് ഒരു തുറന്ന അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെയോ, ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെയോ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിമാനാപകടങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് എയർക്രാഫ്റ്റ് ചട്ടങ്ങൾ 2017-ൽ കൃത്യമായ നടപടിക്രമമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. അതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂർണ നിയന്ത്രണം ഇന്ത്യൻ സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കുമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകൾ ഉളളതായി ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര സർക്കാരിനും മറ്റ് അധികാരികൾക്കും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

