നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നത് ; കെ പി സി സിയിലും ഡി സി സികളിലും അടിമുടി മാറ്റം വേണം , കെ സുധാകരൻ ഡൽഹിക്ക്

കണ്ണൂര്‍: സംസ്ഥാനത്തെ നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്‍. തിരുവനന്തപുരത്തെ ബി ജെ പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്‌ചയാണ്. ആജ്ഞ ശക്തിയുളള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്. ശുപാര്‍ശയ്‌ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും അതീതമായ നേതൃനിര പാര്‍ട്ടിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോണ്‍ഗ്രസിനെ പുറത്താക്കിയത് മദ്ധ്യകേരളത്തില്‍ വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ജോസ് കെ മാണിക്കൊപ്പമാണ് വലിയ വിഭാഗം അണികളെന്ന് തെളിഞ്ഞു. അവരെ പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നും തന്റെ നിലപാട്. പറ്റുമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ മാണി വിഭാഗത്തെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയില്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍ എം പിക്കുണ്ടായതും തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധം ഗുണം ചെയ്‌തു. അവരോട് നന്ദിയുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പളളി പറയുന്ന അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ ഈ വിഷയങ്ങള്‍ ധരിപ്പിക്കും. നേതാക്കള്‍ ജില്ല സംരക്ഷിക്കണം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന വേണം. ഇത്തവണ താന്‍ മറ്റിടങ്ങളില്‍ പോകാത്തത് സ്വന്തം ജില്ല സംരക്ഷിക്കാനായാണ്. സ്വന്തം ജില്ലയില്‍ റിസല്‍റ്റ് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല എന്ന് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

