ഓർഡിനറിയിൽ 7 വിഭാഗം ബസ്സുകളിൽ സൗജന്യ യാത്രയാകാം; ലിസ്റ്റുമായി KSRTC

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തിറക്കി കെഎസ്ആർടിസി. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ബസുകളുടെ വിവരം ഉൾപ്പെടുത്തിയുള്ള സബ് ക്ലാസ് ലിസ്റ്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്.
കഴിഞ്ഞ ദിവസമാണ് പ്രകടന പത്രികയിൽ ഉറപ്പുനൽകിയിരുന്ന സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
പദ്ധതിയുടെ സാമ്പത്തികച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിലെ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചിരുന്നു. ജൂൺ 15-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും.
2927 ഓർഡിനറി ഷെഡ്യൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയെല്ലാം ഓടിക്കാറില്ല. യാത്രക്കാരുടെ തിരക്കനുസരിച്ച് മാറ്റമുണ്ടാകും. തെക്കൻ ജില്ലകളിൽ 1268 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. മധ്യകേരളത്തിൽ 831-ഉം വടക്കൻ ജില്ലകളിൽ 828-ഉം ഷെഡ്യൂളുകളുണ്ട്.

