KSDLIVENEWS

Real news for everyone

തദ്ദേശം, തിരുവനന്തപുരം കോർപ്പറേഷനിലെ യു ഡി എഫ് തോൽവി ; നേതാക്കൾക്കെതിരെ അന്വേഷണം വന്നേക്കും

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ യു ഡി എഫിന്റെ ദയനീയ പരാജയം പാര്‍ട്ടി അന്വേഷിച്ചേക്കും. ഇതിനായി അന്വേഷണ കമ്മിഷനെ നിയമിക്കും എന്നാണ് സൂചന. ജില്ലയില്‍ അട്ടിമറി സാദ്ധ്യത സ്വപ്‌നം കണ്ട പല വാര്‍ഡുകളിലും യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തൂത്തെറിയപ്പെടുന്ന കാഴ്‌ചയാണ് കാണാനായത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ വാര്‍ഡുകളിലും വിജയിച്ച വാര്‍ഡുകളിലും വരെ പാര്‍ട്ടി ചിത്രത്തിലില്ലാത്ത സ്ഥിതിയായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ കോണ്‍ഗ്രസില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അസ്വസ്ഥത പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചിരുന്നു. പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം വന്‍ പാളിച്ചയുണ്ടായിരുന്നു.ഇതിനെതിരെ താഴെ തട്ടിലെ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല. നേമം മണ്ഡലത്തില്‍പ്പെട്ട വാര്‍ഡുകളില്‍ ബി ജെ പി സീറ്റുകള്‍ വാരിക്കൂട്ടിയപ്പോള്‍ കോണ്‍ഗ്രസിന് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുളളൂ.

ഘടകക്ഷികള്‍ക്ക് സീറ്റ് വിതം വയ്‌ക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്‌ച പറ്റി. മറ്റ് രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച്‌ രണ്ട് റൗണ്ട് ഓടിക്കഴിഞ്ഞ ശേഷമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായത്. ഭരണം പിടിച്ചില്ലെങ്കിലും മുപ്പതോളം സീറ്റുകള്‍ കോര്‍പ്പറേഷനില്‍ നേടാനാകും എന്നായിരുന്നു മുന്നണി നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ നിര്‍ജീവമായ സംഘടന സംവിധാനവും പ്രചാരണത്തിലെ പിന്നോക്കാവസ്ഥയും എല്ലാം പാര്‍ട്ടിക്ക് ക്ഷീണമായി.

പന്ത്രണ്ട് വാര്‍ഡുകളില്‍ അഞ്ഞൂറില്‍ താഴെയാണ് യു ഡി എഫിന് വോട്ട്. നെടുങ്കാട് 74 വോട്ടും വലിയതുറയില്‍ 42 വോട്ടും മാത്രമേ യു ഡി എഫിന് നേടാനായുളളൂ. പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ തലസ്ഥാനത്തെ മുന്‍ മന്ത്രി ഉള്‍പ്പടെയുളള പല പ്രമുഖ നേതാക്കളും നിലവില്‍ ആരോപണ വിധേയരാണ്. വിമത സ്വരം ഉയര്‍ത്തുന്നവരെ അനുനയിപ്പിക്കാന്‍ വേണ്ടിയെങ്കിലും അന്വേഷണ കമ്മിഷന്‍ ഉണ്ടായേക്കും എന്നാണ് സൂചന.

രാഷ്ട്രീയ കാര്യസമിതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക രാഷ്ട്രീയകാര്യസമിതിയോഗം വൈകുന്നേരം മൂന്നുമണിക്ക് ചേരുന്നുണ്ട്. നേട്ടമുണ്ടാക്കാനാകാതെ പോയതില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി കെ മുരളീധരനടക്കമുളളവര്‍ രംഗത്തുവന്നതോടെ യോഗം കൂടുതല്‍ കലുഷിതമായേക്കും.വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള നീക്കുപോക്കിനെച്ചൊല്ലിയുണ്ടായ തമ്മിലടിക്ക് വലിയ വില കൊടുക്കേണ്ടിവന്നുവെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാരിനെതിരെ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം ഒറ്റയടിക്ക് തകര്‍ന്നതിന്റ നിരാശയിലാണ് നേതൃത്വം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകത, കെ പി സി സിയുടെ അമിത ഇടപെടല്‍, വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള നീക്കുപോക്ക്, യു ഡി എഫ് അനുകൂലമേഖലയില്‍ അതുണ്ടാക്കിയ തിരിച്ചടി എല്ലാത്തിനും മറുപടി പറയേണ്ടിവരുന്നത് മുല്ലപ്പളളിയും ചെന്നിത്തലയും ആയിരിക്കും. വെല്‍ഫയര്‍ പാര്‍ട്ടിബന്ധത്തിലും ലൈഫ് മിഷനിലും എം എം ഹസന്റ പ്രസ്താവന തിരിച്ചടിയുണ്ടാക്കിയെന്ന തോന്നലാണ് മിക്കവര്‍ക്കും. നേതൃത്വത്തെ തുടര്‍ച്ചയായി പരിഹസിക്കുന്ന കെ മുരളീധരനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നേക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ ഗ്രൂപ്പ് വീതംവയ്പാണ് തിരിച്ചടിക്ക് കാരണമെന്നാണ് മുല്ലപ്പളളിയെ അനുകൂലിക്കുന്നവരുടെ വാദം. എല്‍ ഡി എഫില്‍ ജോസ് കെ മാണിയുണ്ടാക്കിയ നേട്ടങ്ങളും കോണ്‍ഗ്രസ് കാലുവാരിയെന്ന പി ജെ ജോസഫിന്റ പ്രസ്‌താവനയും വീഴ്‌ചകള്‍ കോണ്‍ഗ്രസിന്റേത് മാത്രമാണന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!