KSDLIVENEWS

Real news for everyone

തീൻമേശയിലേക്കെത്തും പിടയ്ക്കുന്ന വിഷരഹിത മീൻ

SHARE THIS ON

കാസർകോട്: ജില്ലയിലെ വീടുകളിലെ തീൻമേശയിലേക്ക് വിഷരഹിത മീനുകളെത്തുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഫിഷറീസ് വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ മത്സ്യകൃഷി വഴിയാണ് വിഷരഹിത മീനുകൾ ജില്ലയിൽ ഉത്പാദിപ്പിച്ചത്. മത്സ്യകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പള്ളിക്കര പഞ്ചായത്തിലെ പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാർ ബയോഫ്ളോക്ക് ടാങ്കിൽ നടത്തിയ കൃഷി വിളവെടുത്താണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 40 ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിൽ 457 കർഷകരാണ് മത്സ്യകൃഷി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം പേരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് മത്സ്യകൃഷി ചെയ്യുന്നത്. 150 ബയോഫ്ളോക്ക് കർഷകർ, 265 പടുതാക്കുളം, ആർ.ഐ.എസ്. (റീ സർക്കുലേറ്ററി അഗ്രിക്കൾച്ചർ സിസ്റ്റം)-20, ഓരുജലക്കൂട്-20, കരിമീൻ കൃഷി-രണ്ട് എന്നിങ്ങനെയാണ് കർഷകരുടെ കണക്ക്. മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യയായ ബയോഫ്ളോക്ക് ടാങ്ക് രീതി ആദ്യമായാണ് ജില്ലയിൽ നടപ്പാക്കിയത്. ഇതിന് വേണ്ടി പ്രയത്‌നിച്ച് വിജയിച്ച യുവാക്കളെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. മാറിയ കാലത്ത് നൂതനരീതിയിൽ നടത്തിയ ഇത്തരം സംരംഭങ്ങൾ നാടിന് ആവശ്യമാണെന്നും കൂടുതൽ തൊഴിലും ഭക്ഷ്യവിഭവവും സാമ്പത്തികവും നൽകുന്ന സംരംഭങ്ങൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. കുഞ്ഞിരാമൻ എം.എൽ.എ. അധ്യക്ഷനായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, കെ. മണികണ്ഠൻ, ഫാത്തിമത്ത് ഷംന, ലീന രാഘവൻ എന്നിവർ സംസാരിച്ചു.

ലക്ഷ്യം 300-500 ടൺ

കോവിഡ് കാരണം ജോലി നഷ്ടമായി നാട്ടിലേക്കെത്തിയ പ്രവാസികൾക്കും യുവജനങ്ങൾക്കും വീട്ടമ്മമാർക്കും വെളിച്ചത്തിന്റെ പ്രതീക്ഷ നൽകുന്നതാണ് ഈ മത്സ്യകൃഷി. ഇതിൽ ഏറെ ശ്രദ്ധേയം വീട്ടമ്മമാരുടെ കടന്നുവരവാണ്. അടുക്കളയിൽനിന്ന് പറമ്പിലേക്കിറങ്ങി വീട്ടമ്മയിൽനിന്ന് സംരംഭകയായി മാറുകയാണ് ഇവർ. സാധാരണ കർഷകർമുതൽ ഗവേഷകർവരെ ജില്ലയിലെ പദ്ധതിയിലുണ്ട്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഏകദേശം 300-500 ടൺ മത്സ്യ ഉത്പാദനമാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ പറഞ്ഞു. ഇന്ന് വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കാളാഞ്ചി (കൊളോൻ), ചെമ്പല്ലി, അസം വാള, ഗിഫ്റ്റി തിലോപ്പിയ, കരിമീൻ എന്നിവയാണ് പദ്ധതി വഴി ഉത്പാദിപ്പിക്കുന്നത്. പടുതാക്കുളത്തിലെ മീൻ കൃഷിക്ക് രണ്ട് സെന്റ് സ്ഥലവും കരിമീൻ കൃഷിക്ക് 50 സെന്റ് കുളവും മതി. സ്വന്തം വീട്ടുമുറ്റത്തൊരു ജലസ്രോതസ്സുണ്ടെങ്കിൽ ബയോഫ്ളോക്ക് കൃഷിയും നടത്താം. ഇതിലൂടെ മാത്രം ജില്ലയിൽ ഒരുവർഷം കൊണ്ട് 80 മുതൽ 100 ടൺ വരെ മത്സ്യം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ 2.19 ഹെക്ടറാണ് പടുതാക്കുളം കൃഷി നടപ്പാക്കിയിരിക്കുന്നത്. ഇതിൽനിന്ന് ഒരു വർഷം 217-271 ടൺ വരെ മീൻ ഉത്പാദിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!