പൊയിനാച്ചിയിൽ മേൽപ്പാലം; സാധ്യത തള്ളി വീണ്ടും ദേശീയപാതാ അധികൃതർ,

പൊയിനാച്ചി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊയിനാച്ചി ടൗണിലെ പ്രവൃത്തികളിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി തീരുമാനമായില്ല. മേൽപ്പാലം ആവശ്യപ്പെട്ട് 55 ദിവസമായി പൊയിനാച്ചിയിൽ നാട്ടുകാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ വെള്ളിയാഴ്ച കളക്ടറേറ്റിൽ എ.ഡി.എം. എ.കെ. രമേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. തീരുമാനം വരുന്നതുവരെ സമരം തുടരുമെന്ന് കർമസമിതി ഭാരവാഹികൾ അറിയിച്ചു. പൊയിനാച്ചി ടൗണിൽനിന്ന് 170 മീറ്റർ വടക്കുമാറി എൽ.വി.യു.പി. (ലൈറ്റ് വെഹിക്കിൾ അണ്ടർ പാസേജ് ) മതിയായ സർവീസ് റോഡ് സൗകര്യത്തോടെ ബന്തടുക്ക റോഡുമായി ബന്ധപ്പെടുത്താമെന്ന മുൻ നിലപാട് ദേശീയപാതാ അതോറിറ്റി അധികൃതർ ആവർത്തിച്ചു. മേൽപ്പാലം, സർവീസ് റോഡുകളെ ബന്ധിപ്പിച്ചുള്ള വി.ഒ.പി. (വെഹിക്കിൾ ഓവർ പാസ്) എന്നിവ ചെലവേറിയതിനാൽ ഏറ്റെടുക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ റീജണൽ ഓഫീസറുമായി സംസാരിക്കാമെന്ന് ദേശീയപാതാ അതോറിറ്റി തിരുവനന്തപുരം റീജണൽ ഡി.ജി.എം. ടി.എസ്. ജയരാജ് അറിയിച്ചു. നിലവിൽ നിർദേശിച്ചിട്ടുള്ള അടിപ്പാത പൊയിനാച്ചി ടൗണിൽ ബന്തടുക്ക റോഡിന്റെ പ്രവേശന കവാടത്തിലേക്ക് മാറ്റുന്നതിന് പുതിയ നിർദേശം സമർപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇക്കാര്യത്തിൽ കർമസമിതി നിലപാട് വ്യക്തമാക്കിയില്ല. വികസനം ജനോപകാരപ്രദമാകണമെന്നും മേൽപ്പാലം അല്ലെങ്കിൽ വി.ഒ.പി. സ്ഥാപിക്കാൻ ശുപാർശ നൽകണമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. നിർദേശിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും പറമ്പിൽ കരാർ കമ്പനി തുടങ്ങുന്ന ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം തടസ്സപ്പെടുത്തിയുള്ള സമരം ആലോചിക്കേണ്ടിവരുമെന്നും കർമസമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതോടൊപ്പം ദേശീയപാത വികസനത്തെ തടസ്സപ്പെടുത്താനുള്ള യാതൊരുനീക്കത്തെയും അംഗീകരിക്കില്ലെന്ന് എ.ഡി.എം. എ.കെ.രമേന്ദ്രൻ വ്യക്തമാക്കി. ദേശീയപാതാ പദ്ധതി നിർവഹണ വിഭാഗം കണ്ണൂർ പ്രൊജക്ട് ഡയറക്ടർ സുനിൽകുമാർ, ലെയ്‌സൺ ഓഫീസർ കെ. സേതുമാധവൻ നായർ, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, ഡപ്യൂട്ടി കളക്ടർ (എൽ.എ.,എൻ.എച്ച്.) ഫിലിപ്പ് ചെറിയാൻ, മേഘ ഇൻഫ്രാസ്ട്രെക്ചർ എൻജിനിയറിങ് ലിമിറ്റഡ് പ്രതിനിധികളായ ബാലസുബ്രഹ്മണ്യം, ഫനികുമാർ, എൽ.എൻ.എം.ടി.പി.എൽ.എച്ച്.ആർ. ടീം ലീഡർ മല്ലികാർജുന, സമരസമിതി പ്രതിനിധികൾ, പഞ്ചായത്തംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിലെ നിർദേശങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച വൈകീട്ട് ആറിന് യോഗം ചേരുമെന്ന് കർമസമിതി അറിയിച്ചു

