ജയിലില്‍ നിരാഹാരം: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സിയുടെ മരണം ഏത് നിമിഷവും സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍

മോസ്കോ: ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനിയുടെ ജീവൻ ഏത് നിമിഷവും നഷ്ടപ്പെടാമെന്ന് ഡോക്ടർമാർ. ജയിലിൽ നിരാഹാരം തുടരുന്ന അലക്സിയ്ക്ക് ഏത് നിമിഷവും ഹൃദയാഘാതം സംഭവിക്കാമെന്നും ജീവൻ അപകടത്തിലാണെന്നും ഡോക്ടർമാർ പറയുന്നു.
മാർച്ച് 31നാണ് അലക്സി നവൽനി (44) ജയിലിൽ നിരാഹാര സമരം ആരംഭിച്ചത്. പുറം വേദനയ്ക്കും കൈ കാലുകളിൽ അനുഭവപ്പെടുന്ന മരവിപ്പിനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്.
അലക്സിയുടെ ഡോക്ടർ അനസ്താഷ്യ വാസിൽയേവ, കാർഡിയോളജിസ്റ്റ് യാരോസ്ലേവ് ആഷിക്മിൻ എന്നിവരുൾപ്പെടെ മൂന്ന് ഡോക്ടർമാർ അടങ്ങിയ സംഘം തങ്ങൾക്ക് ഉടനെ ജയിലിൽ അലക്സിയെ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു.
സൈബീരിയയിലേക്ക് പോകുന്നതിനിടെ അലക്സിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. വിമാനത്തിൽ വെച്ച് കുഴഞ്ഞുവീണ അലക്സി കോമയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്

