നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ദുരന്തം; ബെല്‍ഗാമില്‍ കാറപകടത്തില്‍ മലയാളി ദമ്പതിമാര്‍ മരിച്ചു

കോവളം: കര്‍ണാടകയിലെ ബെല്‍ഗാമിലുണ്ടായ കാറപകടത്തില്‍ കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതിമാര്‍ മരിച്ചു. ഇവരുടെ മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്ങാനൂര്‍ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടില്‍ ബിനു രാജയ്യന്‍(44), ഭാര്യ ഷീന(38) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ നവീന്‍(17), നിമിഷ(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുട്ടയ്ക്കാടുള്ള വീട്ടില്‍ അവധിക്കാലം ചെലവിടുന്നതിനായി വരികയായിരുന്നു ബിനുവും കുടുംബവും.
ഞായറാഴ്ച ഉച്ചയോടെ ശങ്കേശ്വര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് ശങ്കേശ്വര്‍ പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം. കാറിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്ന ബിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ബെല്‍ഗാമിലെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന ഷീന തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചു.
ഇടത് കൈയ്ക്ക് ഒടിവേറ്റ നിവിനെയും ശരീരത്തില്‍ ഇടിയേറ്റ നിമിഷയെയും ബെല്‍ഗാമിലെ ആശുപത്രിയിലെത്തിച്ചത് പോലീസാണ്. 20 വര്‍ഷമായി മുംബൈയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷനു സമീപം സെക്ടര്‍ നമ്പര്‍ 14-ല്‍ ആണ് ബിനുവും കുടുംബവും താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു ബിനു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച സന്ധ്യയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. സംസ്‌കാരം നടത്തി.

