ആര്‍ക്കും വേണ്ടാതെ കെ റയില്‍ കുറ്റികള്‍; കണ്ണൂരില്‍ മാത്രം ആറായിരത്തോളം കുറ്റികള്‍ കെട്ടി കിടക്കുന്നു

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടലില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ പുലിവാല്‍ പിടിച്ച അവസ്ഥയിലാണ് കെ റയില്‍ കുറ്റികളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത സ്വകാര്യ കമ്ബനി. നിര്‍മ്മാണം പൂര്‍ത്തിയായ ആറായിരത്തോളം കെ റയില്‍ കുറ്റികളാണ് കണ്ണൂരില്‍ മാത്രം കെട്ടികിടക്കുന്നത്. ഈ കുറ്റികള്‍ ഇനി എന്ത് ചെയ്യണം എന്ന കാര്യത്തില്‍ കെ റെയില്‍ അധികൃതര്‍ക്കും കൃത്യമായ ഉത്തരമില്ല.
ഒരു വശത്ത് കെ റയിലിന്റെ കുറ്റിയിടല്‍. പിന്നാലെ പ്രതിക്ഷേധവും പിഴുതുമാറ്റലും. പദ്ധതിക്കെതിരായ സകല പ്രതിക്ഷേധങ്ങളും ഏറ്റുവാങ്ങിയതും ഈ കുറ്റികള്‍ തന്നെ. അങ്ങനെ ഈ മഞ്ഞ കുറ്റികള്‍ കെ റയിലിന്റെ അടയാള ചിഹ്നമായി നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് കല്ലിടലില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്. അതോടെയാണ് കുറ്റികളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തവര്‍ കുരുക്കിലായത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള സര്‍വെക്കായി നിര്‍മ്മിച്ച അതിരാടയാള കല്ലുകളാണിത്.
2019 ലാണ് കണ്ണൂര്‍ വട്ടപൊയിലിലെ ശില്‍പി പ്രൊഡക്ഷന്‍ എന്ന സ്വകാര്യ കമ്ബനി ഇതിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്. ഇതുവരെയായി ആകെ നിര്‍മ്മിച്ചത് 7500 കുറ്റികള്‍. കെ റയില്‍ അധികൃതര്‍ കൈപ്പറ്റിയതാവട്ടെ 1500 എണ്ണം മാത്രം. കല്ലിടല്‍ അവസാനിപ്പിച്ചതറിഞ്ഞ് കെ-റെയില്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. കരാര്‍ നല്‍കിയവര്‍ കുറ്റി വാങ്ങിയില്ലെങ്കില്‍ 30 ലക്ഷം രൂപയുടെ നഷ്ട്ടമുണ്ടാകുമെന്നും ഇവര്‍ പറയുന്നു

