ഫാഷൻ ഗോൾഡ് തട്ടിപ്പ് പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘം വരും

കാസർകോട് :- ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഒന്നാം പ്രതി ടി കെ പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ നീക്കം. ലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഒന്നാം പ്രതിയായ ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങൾ, മകൻ നാലാം പ്രതി ഹിഷാം എന്നിവരെ കണ്ടത്തുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. എം സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതോടെയാണ് പൂക്കോയ തങ്ങൾ മുങ്ങിയത്.
പൂക്കോയ തങ്ങൾ ആദ്യം ലക്ഷദ്വീപിലേക്കും പിന്നീട് നേപ്പാളിലേക്കും കടന്നതായാണ് സൂചന. ഹിഷാം വിദേശത്താണ്. 750 ഓളം നിക്ഷേപകരിൽനിന്ന് 150 കോടി രൂപ കൈക്കലാക്കി 2020 ജനുവരിയിലാണ് ജ്വല്ലറി പൂട്ടിയത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

