നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത് നിരുത്തരവാദപരം: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.
ബിന്ദു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, പരീക്ഷയ്ക്ക് മുമ്ബായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്നാണ് പരാതി. കൊല്ലം ആയൂരിലെ ഓയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.
നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു

