KSDLIVENEWS

Real news for everyone

മൂന്നാഴ്ചയല്ല, ഞാന്‍ അവരുടെ ഫ്‌ളൈറ്റിലേ യാത്ര ചെയ്യുന്നില്ല

SHARE THIS ON

യാത്രാവിലക്കിനു പിന്നാലെ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് തിരിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍, വിമാനവിലക്കിനു പിന്നാലെയാണ് യാത്ര ട്രെയിനിലാക്കിയത്. ഇന്‍ഡിഗോയില്‍ ഇനി യാത്രചെയ്യാനേ ഉദ്ദേശിക്കുന്നില്ലെന്ന് ജയരാജന്‍ ‘മീഡിയവണി’നോട് പറഞ്ഞു.

”മുന്‍പും ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണ് ഞാന്‍. കണ്ണൂരില്‍ ഒരു എയര്‍പോര്‍ട്ട് വന്നതുകൊണ്ട്, തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റ് സര്‍വീസുള്ളതുകൊണ്ട് അതിലങ്ങ് പോകുന്നുവെന്നേയുള്ളൂ. ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. അവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിരുന്നു. കാര്യങ്ങള്‍ എല്ലാം അറിയാക്കാമെന്ന് അവര്‍ പറയുകയും ചെയ്തതയാണ്. എന്നാല്‍, അറിയിച്ചില്ല. രാവിലെ ടെലിവിഷന്‍ ചാനലിലൂടെയാണ് ഞാന്‍ ഇത് അറിഞ്ഞത്.”യാത്രാവിലക്കിനെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചു.

”അവര്‍ മൂന്നാഴ്ചയല്ലേ പറഞ്ഞത്. ഞാന്‍ അവരുടെ ഫ്‌ളൈറ്റിലേ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കെ-റെയില്‍ വന്നിരുന്നെങ്കില്‍ വളരെ സുഖകരമാകുമായിരുന്നു. അതിനാല്‍ കെ-റെയിലിനു വേണ്ടി എല്ലാവര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാം. ഇത് ജനങ്ങളില്‍ പ്രതികരണമുണ്ടാക്കും. ഒരു ഇസെഡ് കാറ്റഗറിയിലുള്ള വി.ഐ.പി സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനലുകള്‍ യാത്ര ചെയ്യുക, അവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആസൂത്രിതമായി വരുന്നു, അക്കാര്യം നേരത്തെ തന്നെ ഇന്‍ഡിഗോ വിമാന സര്‍വീസുകാര്‍ അറിഞ്ഞിട്ടും വിലക്കിയില്ല.”

ഇന്‍ഡിഗോ മാത്രമല്ല രാജ്യത്ത് വിമാന സര്‍വീസായുള്ളത്. ഒരുപാട് സര്‍വീസുണ്ട്. ഇന്‍ഡിഗോയില്‍ ഇനി കയറാനേ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ഇ.പി ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്നാഴ്ചത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കുമുണ്ട്. ഇന്‍ഡിഗോ വൃത്തികെട്ട കമ്ബനിയാണെന്നും അവരുടെ ഫ്‌ളൈറ്റ് സര്‍വീസ് ബഹിഷ്‌കരിക്കുമെന്നും വിലക്കിനോട് പ്രതികരിച്ച്‌ ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇ.പി ജയരാജനെ ഇന്‍ഡിഗോ വിലക്കിയത് പുനഃപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുതകള്‍ പൂര്‍ണമായും പരിശോധിക്കാതെയാണ് ഇന്‍ഡിഗോയുടെ നടപടി. മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ജയരാജന്‍ ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!