KSDLIVENEWS

Real news for everyone

മര്യാദ കാണിക്കണം: മന്ത്രി റിയാസിനെ പരസ്യമായി വിമർശിച്ച് ഗണേഷ് കുമാർ

SHARE THIS ON

കൊല്ലം ∙ വേണ്ടതൊന്നും തരുന്നില്ലെന്നു പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. ഈ രീതി ശരിയല്ലെന്നും തന്നെപ്പോലെ മുതിർന്ന എംഎൽഎമാരെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ജി.സുധാകരൻ നല്ല പരിഗണന നൽകിയിരുന്നുവെന്നു പറഞ്ഞ ഗണേഷ്, മന്ത്രി റിയാസിന്റെ ചിത്രം ഉദ്ഘാടന വേദിയിലെ ഫ്ലെക്സിൽ വയ്ക്കേണ്ടതില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല– പട്ടമല റോഡിന്റെ ഉദ്ഘാടനത്തിലായിരുന്നു ഗണേഷിന്റെ വിമർശനം. ‘‘ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന്റെ ചിത്രമാണു സംഘാടകർ വച്ചിരിക്കുന്നത്. പക്ഷേ, വയ്ക്കേണ്ടിയിരുന്നത് മുൻ മന്ത്രി ജി.സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയപ്പോൾ ആദ്യം എതിർപ്പ് പറഞ്ഞു. പിന്നീട് ഹൽവ തരികയും സ്നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരികയുമായിരുന്നു.  അദ്ദേഹത്തിനുള്ള നന്ദി കയ്യടികളോടെ നാം അറിയിക്കണം. ജി.സുധാകരൻ ആവശ്യമായ പരിഗണന നൽകിയിരുന്നു. പക്ഷേ, ഇപ്പോൾ ഇത്തിരി പരാതിയുണ്ട്. നമുക്കു വേണ്ടതൊന്നും തരുന്നില്ല. ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നെപ്പോലെ സീനിയറായ എംഎൽഎയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. ഉമ്മൻ ചാണ്ടി മരിച്ചശേഷം, ഇപ്പോൾ നിയമസഭയിൽ തുടർച്ചയായി ജയിച്ചുവന്നവർ അപൂർവമാണ്. ഞാനും വി.ഡി.സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണ് 5 തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവർ. സിനിമ നടനാണ് എന്നതൊക്കെ അവിടെ നിൽക്കട്ടെ. സഭയിൽ സീനിയോറിറ്റിയുണ്ട്, അതു പരിഗണിക്കണം. ഇവരെക്കാളൊക്കെ എത്രയോ മുൻപ്, 20 വർഷം മുൻപു മന്ത്രിയായ ആളാണ് ഞാൻ. അതിന്റെ മര്യാദ കാണിക്കണം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023ൽ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതിൽ വലിയ നിരാശയുണ്ട്. ’’– ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!