എന്നെ എല്ലാദിവസവും സ്‌റ്റേഷനിലെത്തിച്ചു, തെളിവെടുത്തു; സതീശന് മാത്രം എന്താണ് ആനുകൂല്യം- സുരേന്ദ്രന്‍

കോട്ടയം: മാത്യു കുഴല്‍നാടനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പില്‍ എന്താണ് കേസെടുക്കാത്തതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കെ.എം ഷാജിക്കെതിരേയും കുഴല്‍നാടനെതിരേയും സുധാകരനെതിരേ പോലും കേസെടുക്കുമ്പോള്‍ സതീശന്‍ എന്തുകൊണ്ടാണ് വ്യത്യസ്തനാകുന്നതെന്നും അദ്ദേഹത്തിന് മാത്രമായിട്ട് എന്താണ് ഇത്ര ആനുകൂല്യമെന്നും കോട്ടയം മണര്‍ക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു. ‘വിദേശത്തേക്ക് പോയി ചാരിറ്റി പ്രവര്‍ത്തനത്തിനായി പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്തുവെന്നതാണ് സതീശനെതിരായ കേസ്, അതെന്താണ് അന്വേഷിക്കാത്തത്? മാത്യു കുഴല്‍നാടന്റെ കേസ് അന്വേഷിക്കുന്നതിന് മുമ്പ് സതീശനെ എന്താണ് ചോദ്യംചെയ്യാത്തത്? തനിക്കെതിരായ കേസില്‍ എത്ര തവണയാണ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ചോദ്യംചെയ്തത്. എത്ര തെളിവെടുപ്പുകളാണ് എന്റെ പേരില്‍ നടത്തിയത്. എല്ലാ ദിവസവും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോയി. ശബ്ദം പരിശോധിച്ചു. കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്താണ് സതീശനോട് മാത്രം ഇത്ര ആനുകൂല്യം?’, സുരേന്ദ്രന്‍ ചോദിച്ചു. സതീശന്‍ ഹരിശ്ചന്ദ്രനാണെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഈ ചോദ്യം ചോദിക്കില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍, സതീശനെതിരെ ഒരു അന്വേഷണവും നടത്താത്തത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു. മാസപ്പടി വാങ്ങിയ കമ്പനിയില്‍നിന്നുതന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി. രാജീവ് കൈതോലപായയില്‍ പണം കടത്തിയതെന്ന ജി. ശക്തിധരന്റെ ആരോപണം ഗുരുതരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാസപ്പടി നല്‍കിയ കമ്പനി തന്നെയാണ് അന്നും മുഖ്യമന്ത്രിക്ക് പണം നല്‍കിയതെന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മുതല്‍ പിണറായി ശശിധരന്‍ കര്‍ത്തയുടെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാവണം. പണം കടത്തിയത് മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവതരമാണ്. മന്ത്രിക്കെതിരെ ശക്തിധരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ഞെട്ടിക്കുന്നതാണ്. സാക്ഷി തന്നെ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്. പണം കൈമാറ്റത്തെ പറ്റിയുള്ള ആരോപണം അന്വേഷിക്കാതെ മാറിനില്‍ക്കാന്‍ പോലീസിന് സാധിക്കില്ല. സംസ്ഥാനത്ത് ഭരണനിര്‍വഹണം കൃത്യമായി നടക്കുന്നില്ലെന്നത് ഉറപ്പായിരിക്കുന്നു. പണം വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാങ്ങിയില്ലെങ്കില്‍ ശക്തിധരനെതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണം ഉയര്‍ന്നിരിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെയാണ്. സിപിഎമ്മിനെ അവഗണിച്ച് രക്ഷപ്പെടുകയെന്ന തന്ത്രം ഇനി നടക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി സംബന്ധമായ വ്യവസായം സുഗമമായി നടത്തിക്കൊണ്ടുപോകാനാണ് പണം നല്‍കിയതെന്ന് ശശിധരന്‍ കര്‍ത്തതന്നെ ആദായനികുതി വകുപ്പിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയനും മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയെന്നുള്ളത് രേഖയാണ്. പണം കൊടുത്തയാള്‍ അത് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതാണ്. അതേയാളോട് 2.35 കോടി രൂപ മുഖ്യമന്ത്രി വാങ്ങിയെന്നതും മന്ത്രി രാജീവാണ് അതിന് ഇടനിലക്കാരനായതെന്നതും അന്വേഷിക്കാതിരിക്കുന്നത് എങ്ങനെയാണ്? കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാനെത്തുമ്പോള്‍ ഇരവാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

