KSDLIVENEWS

Real news for everyone

ജനത സര്‍വീസ്’ ഇതാ ഇന്നു മുതല്‍; കുറഞ്ഞ ചെലവില്‍ KSRTC എ.സി. ബസ് യാത്ര

SHARE THIS ON

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി.ബസില്‍ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ ‘ജനത സര്‍വീസ്’ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യപരീക്ഷണം എന്നനിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക.

തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്‌ലോര്‍ എ.സി.ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്. 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫാസ്റ്റിനെക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമാണുള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്.


കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍നിന്ന് എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ്, രാവിലെ 7.15-നു പുറപ്പെട്ട് 9.30-ന് തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് 10-ന് യാത്ര തിരിക്കുന്ന ബസുകള്‍ 12-ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും.

അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15-ന് സര്‍വീസ് അവസാനിപ്പിക്കും. പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനത സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

കൂറിയറിനു മാത്രം ആനവണ്ടി

കൂറിയറിനു മാത്രമായി ബസ് സര്‍വീസ് തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക കൂറിയര്‍ ബസ് ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. കൂറിയര്‍ വാതില്‍പ്പടിയിലെത്തിക്കാനാണ് പരിപാടി. ജൂണ്‍ പകുതിയോടെ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. കൂറിയറിന് മികച്ച പ്രതികരണം ലഭിച്ചതാണ് കൂറിയര്‍ ബസിനെ കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

താരതമ്യേന നിരക്ക് കുറഞ്ഞ കൂറിയറിനോട് വ്യാപാരികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 46 ഡിപ്പോകളിലാണ് കൂറിയര്‍ സൗകര്യം ഇപ്പോഴുള്ളത്. സംസ്ഥാനത്തിനു പുറത്ത് കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും കൗണ്ടറുകളുണ്ട്. തെങ്കാശിയിലും വൈകാതെ തുറക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറാണ്. പുതിയ സംരംഭത്തിന് പ്രതിദിനം ശരാശരി 70,000 രൂപ വരുമാനമുണ്ട്.

ഓണക്കാലത്ത് സമ്മാനം എത്തിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഇതിന് ഒരു ലക്ഷത്തിനടുത്ത് വരുമാനം കിട്ടി. തെലങ്കാനയില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് കൂറിയര്‍ സര്‍വീസ് വലിയ വിജയമാണ്. കെ.എസ്.ആര്‍.ടിസി. സംഘം അവിടെ പോയി പഠനം നടത്തിയിരുന്നു. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് കൂറിയര്‍ ബസ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!