KSDLIVENEWS

Real news for everyone

6.6 മില്യണ്‍ ഡോളര്‍ വിലവരുന്ന ആപ്പിള്‍ ഉല്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു

SHARE THIS ON

ലണ്ടൻ: സിനിമാ സ്റ്റൈലിൽ ബ്രിട്ടീഷ് പോലീസിനെ ഞെട്ടിച്ച് വൻ കൊള്ള. ഐഫോൺ മുതൽ ആപ്പിൽ വാച്ചുകൾ വരെയുളള 6.6 മില്യൺ ഡോളർ(ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിൾ ഉല്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. നവംബർ പത്തിന് ഇംഗ്ലണ്ടിലാണ് സംഭവം.

നോർത്താംപ്റ്റൺഷയറിലെ എംവൺ മോട്ടോർവേയിലാണ് സംഭവം. ആപ്പിൾ ഉല്പന്നങ്ങളുമായി വരികയായിരുന്ന ട്രക്കിനെ ഉന്നംവെച്ച മോഷ്ടാക്കൾ ഡ്രൈവറേയും സുരക്ഷാജീനക്കാരനേയും കെട്ടി ഹൈവേയിൽ തള്ളി ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുളള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച ശേഷം ഉല്പന്നങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റി ലട്ടർവർത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കൾ വാഹനം മാറ്റി.

കൊളളക്കായി ഇവർ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഡ്രൈവറേയും സുരക്ഷാജീവനക്കാരനേയും ഉപദ്രവിച്ചിട്ടില്ല. ഇരുവരുടേയും കൈകാലുകൾ കെട്ടാനുളള ശ്രമത്തിനിടയിൽ ഇരുവർക്കും നേരിയ തോതിൽ പരിക്കേറ്റു. എന്നാൽ സംഭവത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിലാണ് ഇരുവരും.

മോഷ്ടാക്കളെ പിടികൂടാൻ ജനങ്ങളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. നവംബർ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയിൽ ഇതുവഴി കടന്നുപോയ വാഹനങ്ങൾ ശ്രദ്ധിച്ചിട്ടുളളവരോ, വാഹനങ്ങൾ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുളളവരോ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ അസ്വാഭാവിക സാഹചര്യങ്ങളിൽ ആപ്പിൾ ഉല്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുളളവരോ, വിലകുറച്ച് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുളളവരോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു.

ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആപ്പിൾ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!