ഇരു ചക്ര വാഹനത്തിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

മാവുങ്കാൽ: ഇരുചക്ര വാഹനത്തിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്നലെ രാത്രി 10.30ന് ഐഎംഎ ഹാളിന് സമീപത്താണ് സ്കൂട്ടറിൽ കൊണ്ടു വന്നു മാലിന്യം തള്ളാൻ ശ്രമിച്ചത്. ആനന്ദാശ്രമം മിൽമ മുതൽ നെല്ലിത്തറ, കോട്ടപ്പാറ വരെയുള്ള റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇവരെ പിടികൂടാൻ നാട്ടുകാർ ആഴ്ചകളായി ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്നു എസ്ഐ സാജു തോമസും സംഘവും സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. മാലിന്യം തള്ളിയ സംഭവത്തിൽ പാറപ്പള്ളി കാട്ടിപ്പാറയിലെ എം.ഇബ്രാഹിം, പാണത്തൂർ ചാമുണ്ഡിക്കുന്നിലെ കെ.എം.സത്താർ എന്നിവർക്ക് എതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

