KSDLIVENEWS

Real news for everyone

ജനം അസ്വസ്ഥര്‍; ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ല – ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

SHARE THIS ON

ന്യൂഡൽഹി: ലോക്ഡൗൺ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കേരളം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രതിപക്ഷ പാർട്ടികൾ കൂടി ആവശ്യപ്പെട്ടിട്ടാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ ഇളവ് അനുവദിച്ചത് എന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബക്രീദിന് ലോക് ഡൗൺ ഇളവുകൾ നൽകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി വി പി ജോയ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ലോക്ഡോൺ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് മാസമായി നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളിൽ ജനം അസ്വസ്ഥരാണ്. വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തതാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ കാരണം രോഗവ്യാപനം കുറയില്ല എന്ന് ഐഎംഎ അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലായ സ്ഥലങ്ങൾക്ക് ആയി പ്രത്യേക പ്രതിരോധ മാർഗങ്ങൾ തയ്യാറാക്കി വരുന്നതായും സംസ്ഥാന സർക്കാർ അറിയിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!