KSDLIVENEWS

Real news for everyone

കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ പ്രതിരോധിക്കും; സ്റ്റാലിന്‍റെ റഷ്യയല്ലിത്, കേരളമാണ്

SHARE THIS ON

കോഴിക്കോട്.:മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ? ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച്‌ മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്.

സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശന്‍ പറഞ്ഞു.

‘മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വേട്ടയാടുന്നു, രാഷ്ട്രീയ പകപോക്കല്‍ നേരിടും’; വെല്ലുവിളിച്ച്‌ ഫര്‍സീന്‍

കാപ്പ ചുമത്താനുള്ള ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ്. പതിനഞ്ച് കേസുകള്‍ തന്‍റെ പേരിലില്ല. കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാം. കാപ്പ ചുമത്താതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താനുള്ള നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കൈപ്പറ്റണോയെന്ന് അഭിഭാഷകനുമായി ആലോചിച്ച്‌ തീരുമാനിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ വേട്ടയാടുകയാണ്. പിണറായി സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍ നിയമപരമായി നേരിടുമെന്നും ഫര്‍സീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഫര്‍സീന്‍ മജീദ്.

മട്ടന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫര്‍സീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയില്‍ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷണര്‍ ഡി ഐ ജിക്ക് കൈമാറി.

മട്ടന്നൂര്‍ പൊലീസ് ഫര്‍സീന്‍റെ കേസുകള്‍ സംബന്ധിച്ച വിവരം കമ്മീഷണര്‍ ആര്‍ ഇളങ്കോയ്ക്ക് കൈമാറി. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ പങ്കെടുത്ത കേസുകളല്ലെന്നും രാഷ്ട്രീയ വൈരാഗ്യം കാരണം മറ്റ് പാര്‍ട്ടികളിലുള്ളവരെ ആക്രമിച്ച കേസുകളുണ്ടെന്നുമാണ് കമ്മീഷണര്‍ പറയുന്നത്. കാപ്പ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. കാപ്പ ചുമത്താതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ഡി ഐ ജി ഫര്‍സീന് നോട്ടീസ് നല്‍കി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫര്‍സീന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍നടപടി.

‘സ്ഥിരം കുറ്റവാളി’, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!