കളക്ടർ പറഞ്ഞിട്ടും കാര്യമില്ല: അപകടക്കുഴി നിറഞ്ഞ് സംസ്ഥാനപാത

മുള്ളേരിയ: സംസ്ഥാനപാതയിലെ കുഴികളടയ്ക്കണം. ഫോട്ടോയെടുത്ത് റിപ്പോർട്ട് നൽകണം. സെപ്റ്റംബർ 19-ന് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചതിനുപിന്നാലെ വന്ന കളക്ടറുടെ നിർദേശം നടപ്പാകുമെന്ന് കരുതിയെങ്കിലും തെറ്റി. പ്രധാന റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള നിർദേശം പാടെ അവഗണിക്കപ്പെട്ടതിന് തെളിവാണ് ചെർക്കള-ജാൽസൂർ സംസ്ഥാനപാത. അധികൃതരുടെ നിസംഗഭാവം അപകടങ്ങളിലേക്കാണ് വഴിതുറക്കുന്നത്. ചെറിയ കുഴികൾ ദിവസംചെല്ലുന്തോറും വലുതാകുകയാണ്. കുഴിയൊന്നു വെട്ടിച്ചാൽ അപകടമുറപ്പ്. ഇരുചക്രവാഹനങ്ങളാണ് ഇതുവഴി അപകടത്തിൽപ്പെടുന്നവയിൽ ഏറെയും. രണ്ട് നിയമസഭാ മണ്ഡലത്തിൽക്കൂടിയാണ് റോഡ് കടന്നുപോകുന്നത്. അടുത്തിടെ ചെർക്കള-ശാന്തിനഗർ ഭാഗത്ത് മെക്കാഡം ചെയ്തു. അവിടുന്നങ്ങോട്ട് വണ്ണാച്ചടവ്, കാടകം, നാർളം, ബാളക്കണ്ടം, പൂവടുക്ക, ആലന്തടുക്ക, ആദൂർ എന്നിവിടങ്ങളിലെല്ലാം കുഴികളാണ്. കർണാടക അതിർത്തിയായ ജാൽസൂർവരെയും യാത്ര ദുഷ്കരമാണ്. ജില്ലയിലെ പ്രധാന അന്തസ്സംസ്ഥാനപാതകളിലൊന്നിലാണ് കുഴികൾ യാത്ര മുടക്കുന്നത്. കർണാടകയിൽനിന്ന് വലിയ ചരക്കുവാഹനങ്ങളും മടിക്കേരി, മൈസൂരു തുടങ്ങിയിടങ്ങളിലേക്കുള്ള ദീർഘദൂര വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. വലിയ വളവുകളുള്ള റോഡിൽ കുഴികൂടിയാകുമ്പോൾ അപകടസാധ്യത ഇരട്ടിക്കുകയാണ്. കുഴികൾ താണ്ടിയുള്ള യാത്ര ആരെയും മടുപ്പിക്കും. വർഷങ്ങൾക്കുമുൻപ് മെക്കാഡം ടാർചെയ്ത റോഡിൽ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുമെങ്കിലും അതൊന്നും കുഴിയടയ്ക്കാനുള്ളതല്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടുമാസം മുൻപ് കുഴിയടയ്ക്കൽ നടത്തിയ ഭാഗങ്ങൾ പഴയപടിയായിട്ടുണ്ട്. പലയിടത്തും ടാറൊഴിച്ച് അല്പം മെറ്റൽ വിരിച്ച് പോകുകയായിരുന്നു. റോഡ് പരിപാലനത്തിനായി ഇങ്ങനെ തുക ചെലവാക്കുന്നതിലും നല്ലത് റോഡ് പൂർണമായും പുതുക്കിപ്പണിയുന്നതല്ലേയെന്ന് നാട്ടുകാർ ചോദിക്കുന്നു. വളവുകളിലുൾപ്പെടെ അറ്റകുറ്റപ്പണി നടത്താതിരിക്കുമ്പോൾ വലിയ അപകടത്തിലേക്കാണ് അത് വഴിവെക്കുന്നത്. അവിടങ്ങളിൽ കുഴി വെട്ടിക്കാൻ ശ്രമിച്ചാൽ ഏതിരെ വരുന്ന വാഹനങ്ങൾ കാണാനാകാത്തതും അപകടകാരണമാകും. ജനങ്ങളുടെ യാത്ര സുഗമമാക്കാതെ പിന്നെന്ത് വികസനമെന്നാണ് ജനങ്ങളുടെ ചോദ്യം.

