പ്രചാരണത്തിനിറങ്ങുന്നവർ ആന്റിജൻ ടെസ്റ്റ് ചെയ്യാൻ തയ്യാറാകണം ; കളക്ടർ

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഇലക്ഷൻ ഏജന്റുമാരും കോവിഡ് 19 ആന്റിജൻ ടെസ്റ്റിന് വിധേയരാകാൻ തയ്യാറാകണമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അഭ്യർഥിച്ചു. കോവിഡ് പ്രതിരോധത്തിൽ ജില്ല കൈവരിച്ച നേട്ടം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം കളക്ടറുടെ അഭ്യർഥനയ്ക്കെതിരെ ബി.ജെ.പി. രംഗത്തെത്തി. ഇത് അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. കക്ഷിരാഷ്ട്രീയം നോക്കി ആന്റിജൻ ടെസ്റ്റ് ഫലം വരാനും ആന്റിജൻ ടെസ്റ്റ് പേരിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജില്ലയിൽ ആന്റിജൻ നടത്താൻ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. പ്രസ്തുത നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു

