KSDLIVENEWS

Real news for everyone

ഗസ്സയില്‍ ഇന്നലെ മാത്രം മരിച്ചത് ആയിരങ്ങള്‍; അല്‍ ഫാഖൂറ സ്കൂളില്‍ വ്യോമാക്രമണത്തില്‍ 200 മരണം

SHARE THIS ON

ഗസ്സ സിറ്റി: ഗസ്സയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം ആയിരത്തിനു മുകളിലെന്ന് റിപ്പോര്‍ട്ട്. വടക്കൻ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്ബിലെ അല്‍ ഫാഖൂറ സ്കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ രണ്ടിനും ഇസ്രായേല്‍ ഇവിടെ ബോംബിട്ടിരുന്നു. ഇസ്രായേലിന്‍റെ കനത്ത ആക്രമണത്തില്‍ നിന്ന് രക്ഷതേടി സ്കൂളില്‍ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിന്‍റെ ഭാഗമാണ് അല്‍ ഫാഖൂറ സ്കൂള്‍ ആക്രമണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സ സിറ്റിയിലെ അല്‍ അഹ്‌ലി ആശുപത്രിക്കു സമീപം റോഡില്‍ നിറയെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട ദൃശ്യങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇസ്രായേല്‍ സേനയുടെ ഭീഷണിയെ തുടര്‍ന്ന് അല്‍ശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണെന്നും മരണം മാത്രമാണ് ഇനി മുന്നിലെന്നും ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെക്കൻ ഗസ്സയിലും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ഇസ്രായേല്‍ ഭീഷണി. അതേസമയം, ആറ് ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചു. സമ്മര്‍ദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി ഗാലന്റും വ്യക്തമാക്കി. പകര്‍ച്ചവ്യാധി വിനയാകുമെന്ന് കണ്ടാണ് അമേരിക്കൻ നിര്‍ദേശപ്രകാരം ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കാൻ തീരുമാനിച്ചതെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ, ബന്ദികളെ വിട്ടുകിട്ടുന്നതില്‍ അമാന്തം കാണിക്കുന്നുവെന്നാരോപിച്ച്‌ പതിനായിരക്കണക്കിന് ഇസ്രായേലികള്‍ ജറൂസലമില്‍ ഒത്തുചേര്‍ന്നു. സാധ്യമായ എല്ലാ നീക്കവും നടക്കുന്നതായി ബന്ദികളുടെ ബന്ധുക്കളെ ഇസ്രായേല്‍ നേതൃത്വം അറിയിച്ചു. അന്തര്‍ദേശീയ സമ്മര്‍ദം ശക്തമാക്കാൻ അറബ്, മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു. ഇസ്രായേല്‍ തുടരുന്ന നരമേധം എല്ലാ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെയും അട്ടിമറിച്ചതായി ഖത്തര്‍ നേതൃത്വം അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!