KSDLIVENEWS

Real news for everyone

അമേരിക്ക ഇറാനില്‍ കാലാവധി കഴിഞ്ഞ ആയുധങ്ങളും മിസൈലുകളും ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

SHARE THIS ON

വാഷിങ്ടന്‍: അമേരിക്ക ഇറാനില്‍ കാലാവധി കഴിഞ്ഞ ആയുധങ്ങളും മിസൈലുകളും ഉപയോഗിച്ചതായി യു എസ് നാവികസേനയുടെ വെളിപ്പെടുത്തല്‍. പ്രവര്‍ത്തനക്ഷമമല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്ന ചില ആയുധങ്ങളുടെ ഓപ്പറേഷന്‍ കോഡുകള്‍ മാറ്റി വീണ്ടും ഉപയോഗിക്കുകയായിരുന്നുവെന്ന് ആക്ടിങ് യു എസ് നേവി സെക്രട്ടറി ഹങ് കാവോ വെളിപ്പെടുത്തി.

കാലാവധി കഴിഞ്ഞ ബ്രെഡ് വീണ്ടും ഭക്ഷ്യയോഗ്യമാക്കുന്നതിന് സമാനമാണ് ഈ നടപടിയെന്നായിരുന്നു കാവോയുടെ വിശദീകരണം. ബ്രെഡില്‍ അല്‍പം വെള്ളം തളിച്ച് മൈക്രോവേവില്‍ വെച്ചാല്‍ വീണ്ടും കഴിക്കാവുന്ന അവസ്ഥയിലാകുന്നതുപോലെ ചില ആയുധങ്ങളും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ താരതമ്യം.

കാലപ്പഴക്കം കാരണം മിസൈലുകളിലെ സ്ഫോടകവസ്തുക്കള്‍, ഇന്ധനം, ഇലക്ട്രോണിക് ഘടകങ്ങള്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് തകരാറുകള്‍ സംഭവിക്കാം. ഇത് മിസൈലിന്റെ വിക്ഷേപണം, ലക്ഷ്യത്തിലേക്കുള്ള സഞ്ചാരം, സ്ഫോടനം എന്നിവയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ലക്ഷ്യത്തില്‍ നിന്നു മാറി ജനവാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മിസൈല്‍ പതിക്കാനുള്ള സാഹചര്യം അവഗണിക്കാനാവില്ല. എന്നാല്‍ എത്ര മിസൈലുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ചെന്നോ അവയുടെ പഴക്കമെത്രയാണെന്നോ ഏതെല്ലാം ആയുധങ്ങളാണ് ഉള്‍പ്പെട്ടതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയുടെ ആയുധശേഖരത്തില്‍ നേരിടുന്ന കുറവും അത്യാധുനിക മിസൈലുകളുടെ ലഭ്യതക്കുറവും സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് ഈ വെളിപ്പെടുത്തല്‍. നവംബര്‍ 17ന് യുഎസ് സെനറ്റിന്റെ ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് മുന്നില്‍ നടന്ന സ്ഥിരീകരണ ഹിയറിങ്ങിനിടെയാണ് കാവോ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരായ സൈനിക നീക്കമായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി കാലാവധി കഴിഞ്ഞ ചില ആയുധങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിച്ചുവെന്നാണ് കാവോ പറഞ്ഞത്. കാലാവധി കഴിഞ്ഞതോ ഉപയോഗയോഗ്യമല്ലാത്തതോ ആയ ആയുധങ്ങളെ സൂചിപ്പിക്കുന്ന കോഡ് എക്കോ, കോഡ് ഫോക്സ്‌ട്രോട്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ചില മിസൈലുകളുടെയും ആയുധങ്ങളുടെയും കോഡുകള്‍ മാറ്റിയാണ് വീണ്ടും ഉപയോഗിച്ചതെന്ന് കാവോ പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ അമേരിക്ക വ്യാപകമായി മിസൈലുകള്‍ ഉപയോഗിച്ചതോടെ രാജ്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 27ന് പുറത്തുവന്ന വാഷിങ്ടന്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം നാലാഴ്ചയ്ക്കിടെ 850ലധികം ടോമാഹോക്ക് ക്രൂസ് മിസൈലുകളാണ് യുഎസ് സൈന്യം ഉപയോഗിച്ചത്. ഏപ്രില്‍ 21ലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ വിലയിരുത്തല്‍ പ്രകാരം ഈ കണക്ക് 1,000 കടന്നിരുന്നു.
യുദ്ധത്തിന് മുന്‍പ് അമേരിക്കയുടെ കൈവശം ഏകദേശം 3,100 മിസൈലുകളുണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കൃത്യമായ ആയുധശേഖരത്തിന്റെ വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം, ടോമാഹോക്ക് മിസൈലുകളുടെ നിര്‍മാണം വര്‍ധിപ്പിച്ചതായും കാവോ പറഞ്ഞു.

ടോമാഹോക്ക് മിസൈലുകള്‍ക്ക് വലിയ വിലയും നിര്‍മാണത്തിന് ദീര്‍ഘസമയവും ആവശ്യമാണ്. ഏറ്റവും പുതിയ പതിപ്പുകള്‍ക്ക് ഒന്നിന് 36 ലക്ഷം ഡോളര്‍ വരെ വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മിസൈല്‍ നിര്‍മിക്കാന്‍ രണ്ടുവര്‍ഷം വരെ വേണ്ടിവന്നേക്കാം. യുഎസ് നാവികസേനയുടെ 2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 57 ടോമാഹോക്ക് മിസൈലുകള്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ പ്രതിവര്‍ഷം 125 മിസൈലുകള്‍ നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിമാസം 60ലധികം മിസൈലുകള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!