മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, എതിര്‍പ്പ് അറിയിച്ച് സണ്ണി ജോസഫും

തിരുവനന്തകപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് വിവരം. മന്ത്രി എ പി അനില്‍ കുമാറാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുമായി ആലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് പ്രധാനമായും വിമര്‍ശനമായി ഉയര്‍ന്നത്. പിന്നാലെ എ പി അനില്‍കുമാറിനെ പിന്തുണച്ച് നിരവധി മന്ത്രിമാരും രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. വൈദ്യുതി വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും എക്‌സൈസ് വകുപ്പിലും അടക്കം എടുത്ത അസാധാരണ തീരുമാനങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ചു.
പുതിയ പിഎസ്‌സി അംഗങ്ങളുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി മന്ത്രിസഭയില്‍ വെച്ചപ്പോള്‍ എവിടെ ചര്‍ച്ച നടത്തിയെന്ന ചോദ്യവുമായി അനില്‍കുമാര്‍ രംഗത്ത് വരികയായിരുന്നു. കൂടാതെ ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളുടെ കാര്യത്തിലും എതിര്‍പ്പ് ഉയര്‍ന്നു. തനിക്കും പരാതി ഉണ്ടെന്ന് സണ്ണി ജോസഫും അറിയിച്ചു. ഘടക കക്ഷി മന്ത്രിയായ ഷിബു ബേബി ജോണും അഭിപ്രായം തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ വി ഡി സതീശനെ പിന്തുണക്കുന്ന കെ മുരളീധരന്‍ മാത്രമാണ് സതീശന് പ്രതിരോധം തീര്‍ത്തത്. അതേസമയം ഒരുവിഭാഗം മന്ത്രിമാരുടെ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും പിഎസ്‌സി ഭരണസമിതി അംഗങ്ങളുടേയും ഗുരുവായൂര്‍ ഭരണസമിതിയുടേയും നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസ്സപ്പെടുത്തി; സംഭവം സഹകരണ വാരാഘോഷത്തിനിടെ
സര്‍ക്കാര്‍ ആറ്മാസം പിന്നിടുന്ന ദിവസം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ എതിര്‍പ്പ് മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍. കെപിസിസി അധ്യക്ഷന്‍, മുന്‍ അധ്യക്ഷന്‍ ഒക്കെ മന്ത്രി സഭയില്‍ ഉണ്ട് എന്നാണ് മുഖ്യമന്ത്രി പ്രതിരോധത്തിനായി നേരത്തെ പറഞ്ഞിരുന്നത്. പാര്‍ട്ടിയില്‍ കൂടി ആലോചന ഇല്ല എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉണ്ട്. അവരോട് കൂടിയാലോചന നടത്താറുണ്ട് എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെയാണ് ഇന്നത്തെ മന്ത്രസഭ യോഗത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

