കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച ആരംഭിച്ചു

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള പത്താംവട്ട ചർച്ച ആരംഭിച്ചു. ഡൽഹി വിജ്ഞാൻ ഭവനിലാണ് ചർച്ച നടക്കുന്നത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ തുടങ്ങിയവരാണ് കർഷരുമായി ചർച്ച നടത്തുന്നത്. നാൽപ്പതോളം കർഷക സംഘടന പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ജനുവരി 19-നായിരുന്നു പത്താംവട്ട ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും 20ലേക്ക് മാറ്റുകയായിരുന്നു.
പഞ്ചാബ്, ഹരിയാണ, പടിഞ്ഞാറൻ ഉത്തർ പ്രദേശ് തുടങ്ങിയിടത്തുനിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ നിയമങ്ങൾ മണ്ഡി-താങ്ങുവില സംവിധാനങ്ങളെ തകർക്കുമെന്നാണ് കർഷകർ ആരോപിക്കുന്നത്.
ജനുവരി 11-ന് സുപ്രീം കോടതി കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിക്കുകയും പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി നാലംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. അതേസമയം ജനുവരി 26-ന് ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.

