46-ാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡന് അധികാരമേറ്റു, ഒപ്പം കമലാ ഹാരിസും

വാഷിങ്ടൺ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടൺ ഡി.സിയിൽ സ്ഥിതി ചെയ്യുന്ന യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ് സാന്നിധ്യമറിയിച്ചു. അമേരിക്കൻ ചരിത്രത്തിലെ വനിതാ വൈസ് പ്രസിഡന്റായിട്ടാണ് കമല ഹാരിസ് അധികാരമേറ്റത്
അമേരിക്കയ്ക്ക് ഇത് പുതുദിനം
അമേരിക്കയ്ക്ക് ഇത് പുതുദിനമെന്ന് ജോ ബൈഡൻ ട്വീറ്റ് ചെയ്തു, ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽനിന്ന് ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ചതിനു തൊട്ടുപിന്നാലെയാണ് ബൈഡന്റെ ട്വീറ്റ് എത്തിയത്. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടത്.
ചരിത്രം കുറിച്ച് കമല ഹാരിസ്
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന ചരിത്രമാണ് കമല ഹാരിസ് സൃഷ്ടിക്കുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും കമലയാണ്. ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കൻ സ്വദേശി ഡൊണാൾഡ് ജെ ഹാരിസിന്റെയും മകളായ കമല, ഒരുപക്ഷെ ഭാവിയിൽ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കും എത്തിപ്പെട്ടേക്കാം.
ആശംസ അറിയിച്ച് ബരാക്ക് ഒബാമ
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ആശംസ അറിയിച്ച് അമേരിക്കയുടെ മുൻപ്രസിഡന്റ് ബരാക്ക് ഒബാമ. എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ, പ്രസിഡന്റ് ജോ ബൈഡൻ. ഇത് നിങ്ങളുടെ സമയമാണ്- ഒബാമ ട്വീറ്റ് ചെയ്തു. ഒബാമയും ഭാര്യ മിഷേലും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുമുണ്ട്.

