KSDLIVENEWS

Real news for everyone

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു; മോദിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് നീട്ടിവെച്ചു. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. ഈ വര്‍ഷാവസാനത്തേക്ക് സന്ദര്‍ശനം പുനഃക്രമീകരിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. 

ഏപ്രില്‍ 21, 22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന്‌ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രില്‍ പത്തിന് മസ്‌ക് എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ ടെസ്‌ല 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശനവും സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കാനിരുന്നതാണ്.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്‌പേസ് എക്‌സ് മേധാവികൂടിയായ മസ്‌കിന്റെ സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കുമെന്നും പുരോഗതിയിലേക്ക് ഉയര്‍ത്തുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് മസ്‌കിന്റെ നിക്ഷേപ പ്രഖ്യാപനങ്ങള്‍ ബലമേകുമെന്ന് ബിജെപിയും പ്രതീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!