ഇസ്രായേല്‍ കൂട്ടക്കൊല തുടരുന്നു; ഗസയില്‍ മരണം 227

ഗസ: ഇസ്രായേല്‍ അധിനിവേശ സേന ഗസയില്‍ ബുധനാഴ്‌ച നടത്തുന്ന വ്യോമാക്രമണം പത്ത് ദിവസം പിന്നിട്ടു. ബുധനാഴ്ച്ച മിസെെലാക്രമണത്തില്‍ ആറു പേര്‍ കൂടി മരിച്ചതോടെ 11 ദിവസത്തിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 227 ആയി. അല്‍-അസ്‌തല്‍ കുടുംബത്തിലെ 40ഓളം പേര്‍ താമസിച്ചിരുന്ന വീട് പാടെതകര്‍ന്നു.
അതേസമയം അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കില്‍ ആറ് ദിവസത്തിനിടെ ഇസ്രായേലിസേന കൊന്ന ഫലസ്തീന്‍കാരുടെ എണ്ണം 20 കടന്നു. മര്‍ദ്ദിച്ചും വെടിവച്ചുമാണ് ഇസ്രായേല്‍ അധിനിവേശ സേന വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുന്നത്. അതേസമയം ഇസ്രായേലിന്റെ “ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ” ഗസയില്‍ ബോംബാക്രമണം തുടരാന്‍ ദൃഢനിശ്ചയമുണ്ടെന്ന് നെതന്യാഹു പറഞ്ഞു.
14 വര്‍ഷത്തെ ഉപരോധത്താല്‍ വളരെ ദുര്‍ബലമായ ഗസയിലെ സ്ഥിതി ഇസ്രായേല്‍ ആക്രമണത്തില്‍ അതിവേഗം വഷളാകുകയാണ്. 20 ലക്ഷത്തിലധികം പേര്‍ തിങ്ങി താമസിക്കുന്ന ഗസയില്‍ കൊവിഡ് വ്യാപന സാഹചര്യത്തില്‍ മരുന്നടക്കമുള്ള അവശ്യ വസ്തുകള്‍ ലഭിക്കാത്ത സ്ഥിതിയാണ്.
ഗസയില്‍ കൊല്ലപ്പെട്ട 227 പേരില്‍ 64 കുട്ടികളും 38 സ്ത്രീകളുമാണ്. 1,620പേര്‍ക്ക് ഇതുവരെ പരിക്കേറ്റു. ഇസ്രായേലില്‍ 12പേര്‍ക്കും ജീവന്‍ നഷ്ടമായി. മിസെെലാക്രമണം ഗസയുടെ ദക്ഷിണ മേഖലയിലേക്കും വ്യാപിപ്പിച്ചതായി ഇസ്രായേല്‍ സെെന്യം പറഞ്ഞു. ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാന്‍ ഈജിപ്ത് മുന്‍കെെയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിട്ടില്ല.

