KSDLIVENEWS

Real news for everyone

കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളില്‍; കോവിഡിന് ശേഷം വീണ്ടും വൈറസ് വ്യാപനഭീഷണി

SHARE THIS ON

വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും കുരങ്ങുപനി (Monkeypox) സ്ഥിരീകരിച്ചതോടെ കോവിഡിന് ശേഷം ലോകരാജ്യങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആശങ്ക പടരുന്നു. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകരാഷ്ട്രസംഘടനയുള്‍പ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങള്‍ ആശങ്കയിലാണ്. സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇതുവരെ വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്‌. ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുള്ളതായി അധികൃതര്‍ അറിയിച്ചു. സ്‌പെയിനില്‍ വെള്ളിയാഴ്ച 14 പേര്‍ക്കു കൂടി വൈറസ്ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി.


ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ആരോഗ്യമേഖലാഅധികൃതര്‍ അറിയിച്ചു. ബെല്‍ജിയത്തില്‍ രോഗം കണ്ടെത്തിയ രണ്ട് പേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രോഗികളുടേയും നില ഗുരുതരമല്ല. ഇരുവരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ജര്‍മനിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സും ഫോക്കസും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 21 ആയ സ്‌പെയിനില്‍ 20 പേര്‍ക്ക് കൂടി വൈറസ് ബാധ സംശയിക്കുന്നുണ്ട്. നൈജീരിയയില്‍ നിന്ന് യു.കെയിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.

അമേരിക്കയില്‍ കാനഡ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ മസാച്യുസെറ്റ്‌സ് സ്വദേശിക്കാണ് വ്യാഴാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ കാനഡയില്‍ ഇതുവരെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ക്യൂബെക് പ്രവിശ്യയിലെ 17 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇറ്റലി, സ്വീഡന്‍ എന്നിവടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സംശയിക്കുന്നതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതര്‍. യു.കെയില്‍ മേയ് ആറിന് ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!