ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞു’; ടി.പിയുടെ മകനെ 100 വെട്ടുവെട്ടുമെന്ന് ഭീഷണിക്കത്ത്

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ മകനെ വളരാൻ അനുവദിക്കില്ല. കെ.കെ രമയുടെ എം.എൽ.എ ഓഫീസിലാണ് കത്ത് എത്തിയത്. ആർ.എം.പി നേതാവായ എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്.
ചാനൽ ചർച്ചയിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തിൽ പറയുന്നു.
ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണെന്നും കത്തിൽ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എൻ. വേണു വടകര എസ്.പിക്ക് പരാതി നൽകി. 2014ലും തന്നെ കൊലപ്പെടുത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ടെന്നും വേണു മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
സിപിഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തതെന്നും എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറയുന്നു
ടി.പി.യുടെ മകനെതിരെ ക്വട്ടേഷൻ എടുത്തുകഴിഞ്ഞതാണെന്നും കത്തിൽ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുൻപ് വെട്ടിയത് കണ്ണൂർ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കിൽ അന്ന് തന്നെ തീർക്കുമായിരുന്നുവെന്നും ഭീഷണിക്കത്തിൽ പറയുന്നു.

