സമ്മര്‍ദത്തിന് വഴിപ്പെട്ടത് ദൗര്‍ഭാഗ്യകരം; കേരളത്തിലെ സ്ഥിതി നിരാശാജനകമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബക്രീദിന് മുന്നോടിയായി കേരളത്തിൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ഗുരുതരമായ വിഷയമാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ സ്ഥിതി നിരാശാജനകം ആണെന്ന് ഇളവുകൾ ന്യായീകരിച്ച് ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിലേക്ക് കടന്ന് കയറാൻ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിന് കഴിയരുത് എന്ന് കോടതി നിർദേശിച്ചു. മത സംഘടനകൾ ഉൾപ്പടെയുള്ള സമ്മർദ്ദ വിഭാഗങ്ങൾക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാൻ കഴിയില്ല. മഹാമാരിയുടെ സമയത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഇളവുകൾ കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അത് കോടതിയുടെ ശ്രദ്ധയിൽ പൗരന്മാർക്ക് കൊണ്ട് വരാം. അങ്ങനെ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാവടി യാത്രക്കെതിരേ പുറത്തിറക്കിയ ഉത്തരവിലെ നിർദേശങ്ങൾ കേരളം കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ബക്രീദ് പ്രമാണിച്ച് ചില ഇളവുകൾ മാത്രമേ അനുവദിച്ചിട്ടുള്ളു എന്ന കേരളത്തിന്റെ വാദം കോടതി തള്ളി. രോഗവ്യാപനം രൂക്ഷമായ കാറ്റഗറി ഡി മേഖലയിൽ പോലും ആവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതരമായ വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹർജിക്കാരന് അഭിനന്ദനം ബക്രീദ് പ്രമാണിച്ച് കേരളം നൽകിയ ഇളവുകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ രാഷ്ട്രീയ നിരീക്ഷകൻ പി.ടി.കെ നമ്പ്യാരെ സുപ്രീം കോടതി അഭിനന്ദിച്ചു. ലോക്ക് ഡൗണിന് ഇളവുകൾ അനുവദിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയില്ല. വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നേരത്തെ ഹർജിയുമായി എത്തിയിരുന്നുവെങ്കിൽ റദ്ദാക്കിയേനെ എന്നും വ്യക്തമാക്കി. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർ മാത്രമേ സാധനം വാങ്ങാൻ കടകളിൽ എത്താവു എന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് ഇളവുകൾ അനുവദിച്ചത് എന്ന് സത്യവാങ് മൂലത്തിലൂടെ ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത് എന്ന് നമ്പ്യാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിംഗ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് തന്നെ കേരളത്തിലെ ഇപ്പോഴത്തെ നിരാശാജനകമായ അവസ്ഥ ചൂണ്ടിക്കാട്ടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

