67.6 ശതമാനത്തിന് കോവിഡ് ബാധിച്ചു; 40 കോടി ആളുകൾ ഇപ്പോളും കോവിഡ് ഭീഷണിയിൽ- നാലാംഘട്ട സീറോ സർവെ

ന്യൂഡൽഹി: രാജ്യത്തെ മൂന്നുപേരിൽ ഒരാൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നതായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ജനസംഖ്യയിൽ മൂന്നിലൊന്ന് പേരുടെ ശരീരത്തിൽ ആന്റിബോഡികളില്ല. അതായത് രാജ്യത്തെ 40 കോടി പേർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്- നാലാംഘട്ട സീറോ സർവേയിലെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കവേ അദ്ദേഹം പറഞ്ഞു. ജൂൺ- ജൂലായ് മാസത്തിൽ 70 ജില്ലകളിലാണ് നാലാംഘട്ട ദേശീയ സീറോസർവേ നടത്തിയത്. ആറിനും പതിനേഴിനും ഇടയിലുള്ള കുട്ടികളെയും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയിൽ 67.6 ശതമാനം പേർക്കും രോഗബാധയുണ്ടായിട്ടുണ്ട്. 6-9 പ്രായത്തിനിടയിൽപ്പെട്ടവരിൽ 57.2 ശതമാനത്തിനും 10-17 പ്രായത്തിനിടയിൽപ്പെട്ടവരിൽ 61.6 ശതമാനത്തിനും രോഗബാധയുണ്ടായിട്ടുണ്ട്. അതേസമയം 18-44 പ്രായത്തിനിടയിൽപ്പെട്ടവരിൽ 66.7 ശതമാനം പേർക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. എന്നാൽ 45-60 വയസ്സിനിടയിലുള്ളവരിൽ 77.6 ശതമാനം പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. നാലാംഘട്ട സീറോസർവേയിൽ 7,252 ആരോഗ്യപ്രവർത്തകരെ ഐ.സി.എം.ആർ. പഠനവിധേയമാക്കിയിരുന്നു. ഇവരിൽ 10 ശതമാനം പേർ വാക്സിൻ സ്വീകരിച്ചിരുന്നില്ല. ഇവരിൽ 85.2 ശതമാനം പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതായത്, ആറുവയസ്സിനു മുകളിൽ പ്രായമുള്ള മൂന്നിൽ രണ്ടു ശതമാനത്തിന് സാർസ് കൊവ്-2 ബാധയുണ്ടായിട്ടുണ്ട്- ബൽറാം ഭാർഗവ പറഞ്ഞു.

