മണിപ്പുര്‍ സംഭവം ലജ്ജാകരം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു- മോദി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ മാസങ്ങളോളമായി തുടരുന്ന കലാപത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതും ലജ്ജാകരവുമാണ്. കുറ്റക്കാരെ വെറുതെ വിടില്ല’ പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പുരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ദേഷ്യത്തിലും വേദനയിലും എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. അത് രാജസ്ഥാനിലോ മണിപ്പൂരിലെ ഛത്തീസ്ഗഢിലോ രാജ്യത്തിന്റെ ഏതെങ്കിലും കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരുക’ പ്രധാനമന്ത്രി പറഞ്ഞു.

